ബിജെപിക്ക് 41.06%, കോൺഗ്രസിന് വെറും 2.33%; യുപിയിലെ വോട്ട് ഓഹരിയിങ്ങനെ
|2012ൽ അധികാരത്തിലെത്തിയ വേളയിൽ പോലും എസ്പിക്ക് ഇത്രയും വോട്ടുവിഹിതമുണ്ടായിരുന്നില്ല
ലഖ്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞെങ്കിലും വോട്ടുവിഹിതം ഉയർത്തി ബിജെപി. 255 സീറ്റു നേടിയ ബിജെപി 41.06 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. 2017ൽ 39 ശതമാനം വോട്ടു വിഹിതത്തിൽ 312 സീറ്റാണ് ബിജെപി നേടിയിരുന്നത്. അമ്പത്തിയേഴ് സീറ്റുകളുടെ കുറവുണ്ടെങ്കിലും രണ്ടു ശതമാനത്തിലേറെ അധികം വോട്ടാണ് ഇത്തവണ ബിജെപിക്കു കിട്ടിയത്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് ഇത്രയും കൂടുതൽ വോട്ടുവിഹിതം ലഭിക്കുന്നത്.
111 സീറ്റു നേടിയ എസ്പി 32 ശതമാനം വോട്ടു നേടി. 2017ലേതിനേക്കാൾ പത്തു ശതമാനം അധികം വോട്ടാണ് അഖിലേഷ് യാദവിന്റെ പാർട്ടി പിടിച്ചത്. 2012ൽ 224 സീറ്റു നേടി അധികാരത്തിലെത്തിയ വേളയിൽ പോലും എസ്പിക്ക് ഇത്രയും വോട്ടുവിഹിതമുണ്ടായിരുന്നില്ല. മുസ്ലിം-യാദവ വോട്ടുകളുടെ ഏകീകരണം എസ്പിക്ക് ഗുണകരമായി എന്നാണ് വിലയിരുത്തൽ.
പ്രചാരണഘട്ടം മുതൽ ചിത്രത്തിലില്ലാതിരുന്ന ബിഎസ്പി 12.7 ശതമാനം വോട്ടു മാത്രമാണ് നേടിയത്. 2017ലെ 22.2 ശതമാനത്തിൽ നിന്നാണ് മായാവതിയുടെ പാർട്ടിയുടെ വീഴ്ച. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണങ്ങൾക്കു ശേഷവും 2.33 ശതമാനം മാത്രമാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം. 2017ൽ കോൺഗ്രസിന് കിട്ടിയത് 6.3 ശതമാനം വോട്ടാണ്. സീറ്റുകളുടെ എണ്ണം ഏഴിൽ നിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്തു. ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ 2.85 ശതമാനം വോട്ടു നേടി. പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള പാർട്ടി എട്ടു സീറ്റാണ് സ്വന്തമാക്കിയത്.
അതിനിടെ, സംസ്ഥാനത്ത് സർക്കാർ രൂപീകരണ ചർച്ച ഇന്നാരംഭിക്കും. ബിജെപി പാർലമെൻററി ബോർഡാണ് ഔദ്യോഗികമായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. യുപിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കാലാവധി പൂർത്തിയാക്കിയ സർക്കാരിനെ വീണ്ടും തെരെഞ്ഞെടുക്കുന്നത്.
യോഗി ആദിത്യനാഥിനെ ഉയർത്തികാട്ടി തെരെഞ്ഞെടുപ്പിനെ നേരിട്ടതിനാൽ മുഖ്യമന്ത്രിയായി മറ്റൊരാളുടെ പേര് പരിഗണിക്കില്ല. ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന കാര്യത്തിൽ പാർലമെൻററി ബോർഡ് അന്തിമ തീരുമാനമെടുക്കും. ബിജെപിയുടെ മിന്നുന്ന വിജയത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ രാജി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു ഉപമുഖ്യന്ത്രിയായിരുന്ന ദിനേശ് ശർമ ഉപരിസഭ വഴിയാണ് നേരത്തേ തെരെഞ്ഞെടുക്കപ്പെട്ടത്.
ജാതിസമവാക്യങ്ങൾ പാലിക്കാനായി ഉപമുഖ്യമന്ത്രി പദം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നവർ ഏറെയാണ്. പുതുമുഖങ്ങൾക്ക് പരമാവധി അവസരം നൽകിയായിരിക്കും രണ്ടാം യോഗിസർക്കാർ രൂപീകരിക്കുക. ഗോവയിലെ സഭാകക്ഷി നേതാവിൻറെ കാര്യത്തിൽ ധാരണയായാൽ പാർലമെൻററി ബോർഡ് ചേരും.