വഹീദ റഹ്മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം; 1000 കോടി ക്ലബ്ബിൽ ജവാനും; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
|ഒരു വർഷം തന്നെ രണ്ട് 1000 കോടി ക്ലബ് ക്ലബ് ചിത്രങ്ങളെന്ന നേട്ടവും കൈവരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ
നടി വഹീദ റഹ്മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം
മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഗൈഡ്, പ്യാസ, കാഗസ് കെ ഫൂൽ, ചൗധ്‍വി കാ ചാന്ദ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന വഹീദയെ രാജ്യം പത്മഭൂഷണ്‍,പത്മശ്രീ പുരസ്കാരങ്ങളുംനല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും വഹീദ സ്വന്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി ഖാലിസ്ഥാൻ സംഘടനകൾ
ടൊറൻറ്റോ: കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ ഓഫീസുകൾക്ക് കാനഡ സുരക്ഷ വർധിപ്പിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ ഇന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിക്കും.
ഒട്ടാവ, വാൻകൂവർ, ടൊറൻറ്റോ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുമ്പിലായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം വിളിച്ചു. ഇന്ത്യയുടെ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരിപ്പെറിയുകയും ചെയ്തു. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഖാലിസ്ഥാൻവാദികളുടെ പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വർധിപ്പിച്ചു. നയതന്ത്രബന്ധം മോശമായതിനു പിന്നാലെ ഇന്ത്യയിലുള്ള പൗരന്മാർക്കു കാനഡ പുതിയ ജാഗ്രതാ നിർദേശം നൽകി. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം.
അതേ സമയം, ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിക്കും. കാനഡ- ഇന്ത്യ പ്രശ്‌നത്തിലെ ഇന്ത്യൻ നിലപാട് മന്ത്രി വ്യക്തമാക്കിയേക്കും.
തമിഴ് നടന്‍ പീഡിപ്പിച്ചെന്ന് നിത്യാ മേനന്‍ പറഞ്ഞെന്ന്; പ്രചാരണത്തിന് പിന്നിലെന്ത്
തമിഴ് സിനിമയിലെ പ്രശ്‌നങ്ങളെ ചൊല്ലി നടി നിത്യാ മേനന്റേതായി പ്രചരിക്കുന്ന പ്രസ്താവനയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ച നടക്കുന്നുണ്ട്. സിനിമാ സെറ്റിൽ വച്ച് ഒരു പ്രമുഖ നടനിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നെന്നും തമിഴ് സിനിമാ മേഖല സുരക്ഷിതമായി തോന്നിയിട്ടില്ല എന്നുമാണ് നടിയുടേതായി പ്രചരിക്കുന്ന പ്രസ്താവനയിൽ പറയുന്നത്.
'തെലുങ്കു സിനിമ സുരക്ഷിതമാണ്. എന്നാൽ തമിഴ് സിനിമ അങ്ങനെയല്ല. അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരു തമിഴ് സിനിമയിൽ അഭിനയിക്കവെ അവിടത്തെ നടൻ എന്നെ ഉപദ്രവിച്ചു.' - എന്ന പ്രസ്താവനയാണ് നിത്യയുടേതായി പ്രചരിക്കുന്നത്. ലെറ്റസ് സിനിമ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡ്‌ലിലാണ് പരാമര്‍ശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് നിത്യ ഇതുപറഞ്ഞത് എന്നാണ് ഹാൻഡ്ൽ അവകാശപ്പെടുന്നത്. എന്നാൽ ഏതു ഇന്റർവ്യൂ ആണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നില്ല.
ഇതിന് പിന്നാലെ ആരാണ് ആ നടൻ എന്ന അന്വേഷണവുമായി സമൂഹമാധ്യമങ്ങൾ രംഗത്തെത്തി. ദിനമണി, തമിഴ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള മാധ്യമങ്ങളും വാർത്ത പ്രാധാന്യപൂർവ്വം റിപ്പോർട്ടു ചെയ്തു. ഒരു വാർത്തയിലും എവിടെയാണ് ഈ ഇന്റർവ്യൂ എന്നുണ്ടായിരുന്നില്ല.
അതിനിടെ, പ്രചരിക്കുന്ന പ്രസ്താവനയിൽ കഴമ്പില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മനോബല വിജയബാലൻ പറയുന്നു. നിത്യ മേനനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ് എന്നും അതിൽ തരിമ്പും സത്യമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ നടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചരിത്ര നേട്ടം കൈവരിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ
ന്യൂഡൽഹി: ഒരുവർഷം തന്നെ രണ്ട് 1000 കോടി ക്ലബ് ക്ലബ് ചിത്രങ്ങളെന്ന നേട്ടം കൈവരിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താരത്തിന്റെ പുതിയ ചിത്രമായ ജവാൻ ആഗോള കളക്ഷനിൽ 1000 കോടി പിന്നിട്ടുവെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിങ് ഏജൻസിയായ സാച്ച്നികിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
തിയേറ്ററുകളിലെത്തി 18ാം ദിവസമായ ഞായറാഴ്ച ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നായി 15 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽനിന്നും മാത്രം ചിത്രം ഇതുവരെ നേടിയെടുത്തത് 560.83 കോടിയാണ്. തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ചിത്രം ദക്ഷിണേന്ത്യയിലും മികച്ച കളക്ഷൻ സ്വരൂപിച്ചു.
ഏറെക്കാലമായി ബോക്സ് ഓഫീസിൽ മികച്ച പ്രകടനങ്ങൾ ഇല്ലാതിരുന്ന ബോളിവുഡിന്റെ ‘കിങ് ഖാൻ’ പത്താനിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഇതിന് പിന്നാലെയെത്തിയ ജവാനും ഉഗ്രപ്രകടനം കാഴ്ചവെച്ചത് ഷാരൂഖിന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു. ഏറെക്കാലമായി കടുത്ത പ്രതിസന്ധിയിൽ നീങ്ങിയിരുന്ന ബോളിവുഡ് സിനിമ വ്യവസായത്തിനും ഈ രണ്ട് ചിത്രങ്ങൾ വലിയ ഊർജമായി.
അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ജനുവരി 22ന്
അയോധ്യ: രാമക്ഷേത്രത്തിൽ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കും. മൂന്നു നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.
ജനുവരി 14 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങും. 'പ്രാൺ പ്രതിഷഠ'യുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 20-24ന് ഇടയിൽ ഏതെങ്കിലും ഒരു ദിവസമാണ് പ്രധാനമന്ത്രി എത്തുക. അന്തിമ തിയതി പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച ശേഷം അറിയിക്കുമെന്ന് നൃപേന്ദ്ര മിശ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
അഴിമതിക്കേസില്‍ നായിഡുവിന്‍റെ മകനെതിരെയും കേസ്
ഹൈദരാബാദ്: അമരാവതി ഇന്നർ റിംഗ് റോഡ് അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിന്‍റെ മകനെതിരെയും കേസ്. ആന്ധ്ര സിഐഡി ആണ് നാരാ ലോകേഷിനെതിരെ കേസെടുത്തത്. ലോകേഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ കേസുകള്‍ ടിഡിപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അതിനിടെ ചന്ദ്രബാബു നായിഡുവിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി ഹരജികളും പരിഗണിക്കുന്നത് മാറ്റിവച്ചു.ചന്ദ്രബാബുവിന് വേണ്ടി അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും എസിബി കോടതി വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം കസ്റ്റഡി ഹരജിയിൽ ബുധനാഴ്ച തന്നെ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ ചന്ദ്രബാബു നായിഡുവിനെ സിഐഡി ഇതിനകം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ വിവരങ്ങൾ അപൂർണ്ണമായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹരജിയും നൽകിയിട്ടുണ്ട്.
കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായിഡു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.. അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്.
స్కిల్ స్కాంలో దర్యాప్తు ముమ్మరం.. పరారిలో నారా లోకేష్ స్నేహితుడు#Nara Lokesh#Skill Development Scam#Nara Chandrababu Naidu#Rajesh https://t.co/bOT7fnyEU7
— Janahitam (@JanahitamOfcl) September 24, 2023