'ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികൾ വേണം'; ആവശ്യവുമായി കേന്ദ്രം
|കിരൺ റിജുജു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്ത് നൽകി
ന്യൂഡൽഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രിംകോടതി, ഹൈക്കോടതി കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികളെ കൂടി ഉൾപെടുത്തണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്ത് നൽകി.
സുപ്രിംകോടതി കൊളീജിയത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തണെമെന്ന് കേന്ദ്രത്തിന്റെ ആവശ്യം. സുപ്രിംകോടതി കോളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധി ഉണ്ടാവേണ്ടത് സുതാര്യതയ്ക്ക് എന്നാണ് നിയമവകുപ്പിന്റെ വിശദീകരണം.
കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് കുറച്ച് നാൾ മുമ്പ് നിയമ മന്ത്രി കിരൺ റിജിജു വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം പുതിയ ആവശ്യവുമായി മുന്നോട്ടെത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ്, എം ആർ ഷാ, അജയ് റസ്‌തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ കൊളീജിയം.