India
Waqf board to Streets Against the Cancellation of Muslim Reservation in Karnataka by Bjp Govt
India

മുസ്‍ലിം സംവരണം റദ്ദാക്കൽ; കർണാടക സർക്കാർ നടപടിക്കെതിരെ വൻ പ്ര​ക്ഷോഭത്തിനൊരുങ്ങി വഖഫ് ബോർഡ്

Web Desk
|
25 March 2023 11:47 AM GMT

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സർക്കാരിന്റെ പുതിയ നീക്കമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

ബെം​ഗളൂരു: ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാർ സംസ്ഥാനത്തെ മുസ്‍ലിം സമുദായത്തിനുള്ള സംവരണം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധവുമായി വഖഫ് ബോർഡ്. മുസ്‍ലിംകൾക്ക് നൽകുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് ബോർഡ് ​രംഗത്തെത്തിയത്.

2 ബി വിഭാഗത്തിലെ സംവരണം പുനഃസ്ഥാപിക്കണമെന്ന് വഖഫ് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സർക്കാരിന്റെ പുതിയ നീക്കമെന്നും അവർ ചൂണ്ടിക്കാട്ടി.

'ബിജെപി സർക്കാരിൽ ഞങ്ങൾക്കൊരു പ്രതീക്ഷയുമില്ല. 2 ബി വിഭാഗത്തിലെ നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ നീക്കത്തിലൂടെ അവർ വോട്ടുകൾ ധ്രുവീകരിക്കാനുള്ള ശ്രമാണ് നടത്തുന്നത്. മറ്റ് സമുദായങ്ങൾക്കുള്ള സംവരണത്തിൽ ഞങ്ങൾക്കൊരു എതിർപ്പുമില്ല. എന്നാൽ മുസ്‍ലിംകളോട് കാണിക്കുന്ന ഈ വിവേചനത്തിൽ ഞങ്ങൾ അസംതൃപ്തരാണ്'- ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

"2ബി പ്രകാരം, സംവരണം ഞങ്ങൾക്ക് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ, ബ്രാഹ്മണർ, വ്യാസർ, ജൈനർ തുടങ്ങിയ എല്ലാ ശക്തരായ സമുദായങ്ങളുമായും ഞങ്ങൾ മത്സരിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് 2ബി സംവരണം തിരികെ വേണം"- ഒരു ബോർഡംഗം പറഞ്ഞു.

വിഷയത്തിൽ ​ഗവർണർക്ക് നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, പ്രതിഷേധവുമായി വഖഫ് ബോർഡ് തെരുവിലിറങ്ങുമെന്നും വിഷയം നിയമസഭയ്ക്ക് മുന്നിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം വെള്ളിയാഴ്ചയാണ് കർണാടക സർക്കാർ റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ.ഡബ്ല്യു.എസ്) ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് സംവരണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബസവരാജ് ബൊമ്മൈ സർക്കാരിന്റെ നടപടി.

മുസ്‌ലിങ്ങളുടെ നാല് ശതമാനം ക്വാട്ട വൊക്കലിഗകൾക്കും (രണ്ട് ശതമാനം) ലിംഗായത്തുകൾക്കും (രണ്ട് ശതമാനം) നൽകും. കർണാടകയിൽ 15 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കുന്ന നാല് ശതമാനം തൊഴിൽ സംവരണം എട്ട് ശതമാനമാക്കി വർധിപ്പിക്കണമെന്ന് കർണാടക മുസ്‌ലിം ലീഗ് നിർവാഹക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.




Similar Posts