കൽക്കരി ക്ഷാമം രൂക്ഷം: രാജ്യം ഇരുട്ടിലേക്ക്, പവര്‍ കട്ട് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍
|ഉത്തർപ്രദേശിൽ എട്ട് താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. കേരളത്തെയും പ്രതിസന്ധി ബാധിക്കും.
കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഉത്തർപ്രദേശിൽ എട്ട് താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. പഞ്ചാബിൽ രണ്ട് നിലയങ്ങള്‍ പ്രവർത്തിക്കുന്നില്ല. പ്രതിസന്ധി രൂക്ഷമായതോടെ വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകള്‍ അറിയിച്ചു. ഈ സംസ്ഥാനങ്ങള്‍ പവര്‍ കട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനത്തിനും കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. കേരളമടക്കം പല സംസ്ഥാനങ്ങളും ജലവൈദ്യുതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതിനാൽ പ്രതിസന്ധിയുണ്ടാകും.
കല്‍ക്കരി ക്ഷാമത്തിന് കാരണമെന്ത്?
ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ തുടർച്ചയായ മഴയാണ് കൽക്കരി ഖനികളുടെ പ്രവർത്തനം താറുമാറാക്കിയത്. കൂടുതൽ കൽക്കരി സ്റ്റോക്ക് ചെയ്യാൻ കഴിഞ്ഞില്ല. കൽക്കരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ കൽക്കരി വിലയിൽ 40 ശതമാനം വർധനയുണ്ടായി. ഇന്തൊനീഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരി ടണ്ണിന് മാർച്ചിൽ 60 ഡോളറായിരുന്നു വില. ഇപ്പോഴത് 200 ഡോളറായി. ഇതുമൂലം ഇറക്കുമതി കുറയ്ക്കാൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു.
കേരളത്തെയും ബാധിക്കും
വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കേരളവും പവര്‍ക്കട്ടിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയത്. ഇത് വൈദ്യുതി ബോര്‍ഡിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കല്‍ക്കരിക്ഷാമം കേരളത്തെയും പ്രതികൂലമായി ബാധിച്ചു. പവർകട്ട് ഒഴിവാക്കാനാകുമോ എന്ന് പരമാവധി ആലോചിക്കുന്നുണ്ട്. മറ്റു വഴികളില്ലെങ്കിൽ നിയന്ത്രണം നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.