എട്ടു വർഷം കൊണ്ട് എത്ര പണ്ഡിറ്റുകളെ ബി.ജെ.പി കശ്മീരിലേക്ക് മാറ്റിപ്പാർപ്പിച്ചു?- ആക്രമണം കടുപ്പിച്ച് കെജ്രിവാൾ
|വിനോദ നികുതി ഒഴിവാക്കിക്കൊടുക്കുന്നതിനു പകരം 'ദ കശ്മീർ ഫയൽസ്' യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ പോരേയെന്ന് നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിഹസിച്ചിരുന്നു
'ദ കശ്മീർ ഫയൽസ്' വിഷയത്തിൽ ബി.ജെ.പിക്കെതിരെ ആക്രമണം കടുപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കശ്മീരി പണ്ഡിറ്റുകളെ വച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുന്ന കഴിഞ്ഞ എട്ടു വർഷം എത്ര പണ്ഡിറ്റുകളെ തിരികെ കശ്മീരിലേക്ക് മാറ്റിപ്പാർപ്പിച്ചുവെന്നും കെജ്രിവാൾ ചോദിച്ചു.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ഒറ്റ കശ്മീരി പണ്ഡിറ്റ് കുടുംബത്തെ താഴ്വരയിൽ ബി.ജെ.പി പുനരധിവസിപ്പിച്ചിട്ടുണ്ടോ? വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ബി.ജെ.പി. 'ദ കശ്മീരി ഫയൽസ്' യൂട്യൂബിൽ അപ്ലോഡ് ചെയ്യണം. അതിൽനിന്ന് ലഭിച്ച പണം കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ഉപയോഗിക്കണം-ഡൽഹിയിൽ ബജറ്റ് അവതരണത്തിനു പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസി'ന്റെ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെ വിമർശനവുമായി കെജ്രിവാൾ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ചിത്രത്തിന്റെ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ വിമർശനം. നികുതി ഒഴിവാക്കിക്കൊടുക്കുന്നതിനു പകരം ചിത്രം യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ പോരേയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.
Summary: "Was a single Kashmiri Pandit family relocated to valley by BJP in last 8 yrs?" Asks Delhi Chief Minister Arvind Kejriwal