കശ്മീരിൽ 'അംബാനി'യുടെ കരാറിന് 150 കോടിയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചു; വെളിപ്പെടുത്തലുമായി മുൻ ഗവർണർ
|"അഞ്ച് കുർത്തയും പൈജാമയും കൊണ്ടാണ് വന്നതെന്നും അതുമായി മാത്രമേ തിരിച്ചുപോകൂ എന്നും ഞാൻ മറുപടി നൽകി"
ന്യൂഡൽഹി: കശ്മീരിൽ അംബാനിയുടെയും അർഎസ്എസ് ബന്ധമുള്ളയാളുടെയും ഡീലിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചിരുന്നതായി മുൻ ഗവർണർ സത്യപാൽ മലികിന്റെ വെളിപ്പെടുത്തല്‍. ഇവരുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കാനായിരുന്നു കൈക്കൂലി. എന്നാൽ രണ്ടും താൻ റദ്ദാക്കിയെന്ന് മലിക് പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ തനിക്ക് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജുൻജുനുവിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സത്യപാൽ മലിക്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
'കശ്മീരിൽ പോയ ശേഷം രണ്ടു ഫയലുകൾ എന്റെ മുമ്പിൽ ക്ലിയറൻസിനായി വന്നു. ഒന്ന് അംബാനിയുടേത്. രണ്ടാമത്തേത് ആർഎസ്എസ് ബന്ധമുള്ള, പിഡിപി-ബിജെപി സഖ്യകക്ഷി മന്ത്രിസഭയിലെ അംഗവുമായി ബന്ധമുള്ളയാളുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരൻ എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.' - മാലിക് വെളിപ്പെടുത്തി.
'രണ്ടു വകുപ്പുകളിലെയും സെക്രട്ടറിമാരെ ഞാൻ വിവരമറിയിച്ചു. ഓരോ ഫയൽ ക്ലിയർ ചെയ്യുമ്പോഴും 150 കോടി കിട്ടുമെന്നാണ് സെക്രട്ടറിമാർ പറഞ്ഞത്. എന്നാൽ അഞ്ച് കുർത്തയും പൈജാമയും കൊണ്ടാണ് വന്നതെന്നും അതുമായി മാത്രമേ തിരിച്ചുപോകൂ എന്നും ഞാൻ മറുപടി നൽകി' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതു ഫയലുകളാണ് തന്റെ മുമ്പിലെത്തിയത് എന്ന് വിശദീകരിക്കാൻ സത്യപാൽ മലിക് തയ്യാറായില്ല. സർക്കാർ ജീവനക്കാർക്കും പെൻഷനുകാർക്കും അക്രഡിറ്റഡ് ജേർണലിസ്റ്റുകൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയെ കുറിച്ചാണ് ഇദ്ദേഹം പരാമർശിച്ചത് എന്നാണ് സൂചന. 2018 ഒക്ടോബറിൽ ഗവർണറായി ചുമതലയേറ്റതിന് പിന്നാലെ ഈ പദ്ധതി മലിക് റദ്ദാക്കിയിരുന്നു. നിലവിൽ മേഘാലയ ഗവർണറാണ് സത്യപാൽ മലിക്.
രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതിയുള്ളത് കശ്മീരിലാണ് എന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തുടനീളം മൂന്ന്-നാല് ശതമാനം കമ്മിഷനാണ് ചോദിക്കപ്പെടാറുള്ളത്. എന്നാൽ കശ്മീരിൽ ഇത് 15 ശതമാനമാണ്.' - മാലിക് കൂട്ടിച്ചേർത്തു. തന്റെ നേതൃത്വത്തിൽ വലിയ അഴിമതികളൊന്നും സംസ്ഥാനത്ത് നടന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.