സംഭരണികളിലെ ജലശേഖരം 17 ശതമാനം മാത്രം; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ജലപ്രതിസന്ധി രൂക്ഷം
|കുടിവെളള വിതരണം, വൈദ്യുതി ഉൽപാദനം എന്നിവ പ്രതിസന്ധിയിൽ
ഡൽഹി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ജലപ്രതിസന്ധിയിലേക്കെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ.കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന തെക്കൻ മേഖലയിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെുന്നത്.
ഇവിടങ്ങളിൽ ആകെ മൊത്തം റിസർവോയർ ശേഷിയുടെ 17 ശതമാനം മാത്രമാണ് ബാക്കിയുളളത്. കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കുറവാണിത്. ഇത് സംസ്ഥാനങ്ങളിലെ ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുത ഉൽപ്പാദനം തുടങ്ങിയവയിൽ വലിയ വെല്ലുവിളിയുയർത്തുമെന്നാണ് റിപ്പോർട്ട്.
ഇതിനു വിപരീതമായി, അസം, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലസംഭരണ നിലവാരത്തിൽ വലിയ പുരോഗതിയുണ്ട്. ഈ മേഖലയിലെ റിസർവോയറുകളിൽ മൊത്തം ശേഷിയുടെ 39 ശതമാനം വെളളമുണ്ട്. ഗുജറാത്തും മഹാരാഷ്ട്രയും അടങ്ങുന്ന പടിഞ്ഞാറൻ മേഖലയിലും താരതമ്യേന മെച്ചപ്പെട്ട നിലയാണുള്ളത്. എങ്കിലും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. വടക്കൻ, മധ്യ ഭാഗങ്ങളിലും മുൻ വർങ്ങളെ അപേക്ഷിച്ച് ജല ലഭ്യതയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
അതേസമയം ബ്രഹ്മപുത്ര, നർമ്മദ, തുടങ്ങിയ നദീതടങ്ങളിൽ സാധാരണ നിലയേക്കാൾ മികച്ച സംഭരണമുള്ളതായും മഹാനദിക്കും പെണ്ണാറിനും ഇടയിൽ കാവേരി, കിഴക്കോട്ട് ഒഴുകുന്ന നദികൾ എന്നിവയിൽ വളരെ കുറവുള്ളതായും കണ്ടെത്തി.
കേരളത്തിൽ മിക്ക ജില്ലകളിലും താപനില ഉയർന്ന നിലയിലാണ്. പാലക്കാട് ഉഷ്ണ തരംഗമെന്ന് കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് കഠിനമായി തോന്നാം. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.