കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി; വയനാട്ടിൽ മത്സര ചിത്രം പൂർത്തിയായി
|രാഹുലിനെ എതിർക്കാൻ ദേശീയ നേതാവ് ആനിരാജയെ ഇറക്കിയ എൽഡിഎഫ് മത്സരത്തെ കടുപ്പമുള്ളതാക്കിയിരുന്നു
കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമായതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ മത്സര ചിത്രം പൂർത്തിയായി. രാഹുൽ ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയ തലത്തിൽ ശ്രദ്ധേയമായ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം ഒന്നുകൂടെ സജീവമാവുകയാണ്. രാഹുലിനെ എതിർക്കാൻ ദേശീയ നേതാവ് ആനിരാജയെ ഇറക്കിയ എൽഡിഎഫ് മത്സരത്തെ കടുപ്പമുള്ളതാക്കിയിരുന്നു. കഴിഞ്ഞ തവണ ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയിരുന്ന മണ്ഡലം ഏറ്റെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ തന്നെയാണ് പോരിനിറക്കിയിരിക്കന്നത്. ഇതോടെ ശക്തരായ സ്ഥാനാർഥികളുടെ മത്സരമായി വയനാട് മാറും.
സ്ഥാനാർഥി ശക്തനാണെങ്കിലും വയനാട്ടെ ബിജെപിയുടെ നില അത്ര ശക്തമല്ല. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലും വയനാടിന് സ്ഥാനമില്ല. 2019 ൽ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പളളി നേടിയത് 78,816 വോട്ടാണ്. 2014 ലാകട്ടെ ബിജെപിയുടെ റസ്മിൽ നാഥ് 80,752 വോട്ടു നേടി. അതായത് ഒരു ലക്ഷത്തിൽ താഴെയാണ് ബിജെപിയുടെ വോട്ടുമൂല്യം. ഇതിനെ ഉയർത്തുക എന്ന വലിയ വെല്ലുവിളിയാണ് കെ സുരേന്ദ്രന് മുന്നിൽ ബിജെപി ദേശീയ നേതൃത്വം വെച്ചിരിക്കുന്നത്. മത്സരിക്കാനില്ല എന്ന നിലപാടെടുത്തിരുന്ന കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമണ് മത്സരരംഗത്തേക്കിറങ്ങുന്നത്. രാഹുലിനെ പോലൊരു സ്ഥാനാർഥിയെ വയനാട് മണ്ഡലത്തില് തോൽപ്പിക്കാൻ ആനിരാജക്കും കെ സുരേന്ദ്രനും കഴിയില്ലെന്നുറപ്പാണ്. എന്നാൽ കഴിഞ്ഞതവണ രാഹുൽ നേടിയ 431000 എന്ന ഭൂരിപക്ഷം കുറക്കുക എന്നതിലേക്കാകും എൽ.ഡി.എഫ് -ബി.ജെ.പി സ്ഥാനാർഥികൾ ഊന്നൽ നൽകുക.