India
ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയത് ശിവലിംഗമോ? പുതിയ വാദങ്ങൾ പൊളിച്ച് വുദുഖാനയുടെ പഴയ വിഡിയോ
India

ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയത് 'ശിവലിംഗമോ'? പുതിയ വാദങ്ങൾ പൊളിച്ച് 'വുദുഖാന'യുടെ പഴയ വിഡിയോ

Web Desk
|
17 May 2022 2:37 PM GMT

പള്ളിയിൽ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികൾ അംഗശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന വുദുഖാനയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് സർവേ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്

ലഖ്‌നൗ: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന് സർവേ നടത്തിയ സംഘം സിവിൽ കോടതിയിൽ അവകാശപ്പെട്ടിരുന്നു. പിന്നാലെ, ഈ ഭാഗം അടച്ചിടാൻ വരാണസി കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്നത് ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണെന്നാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.

പള്ളിയിൽ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികൾ അംഗശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന ജലസംഭരണി(വുദുഖാന/ഹൗദ്)യിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് ഇന്നലെ സർവേ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്. വുദുഖാനയുടെ മധ്യത്തിൽ ഒരു കിണർ പോലെയുള്ള രൂപം ശ്രദ്ധയിൽപെട്ട് വെള്ളം കുറയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തുനോക്കിയപ്പോഴാണ് കിണർ മാതൃകയിലുള്ള ശിവലിംഗം കണ്ടെതെന്നായിരുന്നു ഹിന്ദു വിഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായ വിഷ്ണുശങ്കർ ജെയിൻ അവകാശപ്പെട്ടത്. ഇതിനു പിന്നാലെ വരാണസി സിവിൽ ജഡ്ജി രവികുമാർ ദിവാകർ സ്ഥലം സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ, കണ്ടെത്തിയത് ശിവലിംഗമല്ലെന്നും വുദുഖാനയിലെ വാട്ടർ ഫൗണ്ടനാണെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. മുഗൾ കാലത്ത് നിർമിച്ച പള്ളിയുടെ ഭാഗമായി രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്തതാണ് ഫൗണ്ടൻ. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പള്ളി പരിപാലന കമ്മിറ്റിയായ അൻജുമനെ ഇൻതിസാമിയ മസ്ജിദ് ജോയിന്റ് സെക്രട്ടറി യാസീൻ ദേശീയ മാധ്യമമായ 'ദ ഹിന്ദു'വിനോട് വ്യക്തമാക്കിയിരുന്നു.

പള്ളി കമ്മിറ്റിയുടെ വാദം സ്ഥിരീകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ. മാധ്യമപ്രവർത്തകൻ നിഖിൽ ചൗധരി ട്വീറ്റ് ചെയ്ത വിഡിയോയിൽ ആളുകൾ ചേർന്ന് വുദു ഖാന ശുദ്ധീകരിക്കുന്നത് കാണാം. ഇതിൽ ഹൗദിന്റെ മധ്യത്തിലായി ചെറിയ കിണറിന്റെ രൂപത്തിലുള്ള ഒരു വാട്ടർ ഫൗണ്ടനും വ്യക്തമാണ്. ഇതാണ് ഇപ്പോൾ ഹിന്ദുക്ഷേത്രത്തിനു മുകളിലാണ് പള്ളി നിർമിച്ചതെന്ന് ആരോപിക്കാനുള്ള തെളിവായി ഉയർത്തിക്കാണിക്കുന്ന ശിവലിംഗമെന്നാണ് പള്ളി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്.

നമസ്‌കാര നിയന്ത്രണം നീക്കി സുപ്രിംകോടതി

ഇതുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി ഇന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരുടെ രണ്ടംഗ ബെഞ്ച് പരിഗണിച്ചിരുന്നു. കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയ കോടതി പള്ളിയിൽ ആരാധനാ നിയന്ത്രണം ഏർപ്പെടുത്തിയ വരാണസി കോടതി വിധി സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയയ്ക്കുകയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കാനും നിർദേശമുണ്ട്.

വാരാണസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡണ്ടും ഹരജി സമർപ്പിച്ചിരുന്നു.

പള്ളിയുടെ ഭാഗം സീൽ ചെയ്യാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹ്‌മദി പറഞ്ഞു. 'പരിശോധനയ്ക്ക് ശേഷം കെട്ടിടത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹരജി ഫയൽ ചെയ്യപ്പെട്ടു. ദൗർഭാഗ്യവശാൽ അപേക്ഷ കോടതി അംഗീകരിച്ചു. പ്രദേശം സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ആരാധനാലയങ്ങളുടെ തനതുസ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിയമം പാലിക്കപ്പെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണം. ഉത്തരവുകളെല്ലാം പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

'കോടതി നിയോഗിച്ച കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കമ്മിഷണർ വുസുഖാനയ്ക്ക് അടുത്ത് ശിവലിംഗം കണ്ടുവെന്ന് പറഞ്ഞ് ഹരജി സമർപ്പിക്കപ്പെടുയായിരുന്നു. കോടതി ഈ വാദം കേട്ട് ഈ ഭാഗം സീൽ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. മസ്ജിദിലേക്കുള്ള പ്രവേശനം ഇപ്പോൾ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ആ സ്ഥലം സീൽ ചെയ്യാനാകുക. നിയമപരമല്ലാത്ത നിരവധി ഉത്തരവുകളാണ് ഉണ്ടായത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതിക്കാർക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ ഹരി ശങ്കർ ജയിൻ കോടതിയിലെത്തിയില്ല. എതിർ അഭിഭാഷകൻ എവിടെയെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ചോദ്യത്തിന്, ഹരി ശങ്കർ ജയിന് ഹൃദയാഘാതമുണ്ടായി എന്നും ഇപ്പോൾ ആശുപത്രിയിലാണ് എന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്. ശിവലിംഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗം സംരക്ഷിക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുമെന്ന് കോടതി പറഞ്ഞു. എന്നാൽ മുസ്ലിംകളുടെ ആരാധനാകർമങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

Summary: Old video of the fountain in the Wazu Khana, that is newly alleged as Shivling, clarifies the Gyanvapi mosque committee's claim

Similar Posts