India
ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു; ഇലോണ്‍ മസ്കിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്രയും
India

'ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു'; ഇലോണ്‍ മസ്കിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്രയും

ijas
|
16 Jan 2022 10:49 AM GMT

ഇതിനു മുമ്പ് തെലങ്കാന സര്‍ക്കാരും മസ്കിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു

ലോക ശതകോടീശ്വരനും സ്പേസ് എക്‌സ് സി.ഇ.ഒയുമായ ഇലോണ്‍ മസ്‌കിന് ചുവപ്പ് പരവതാനി വിരിച്ച് മഹാരാഷ്ട്ര. ടെസ്‌ലക്ക് പ്ലാന്‍റ് സ്ഥാപിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്നും കമ്പനി സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറാവണമെന്നും മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പട്ടീൽ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ജയന്ത് പാട്ടീല്‍ ഇലോണ്‍ മസ്‌കിന് സംസ്ഥാനത്തേക്ക് ക്ഷണം അയച്ചത്.

"ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. നിങ്ങൾക്ക് ഇന്ത്യയിൽ സ്ഥാപിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും മഹാരാഷ്ട്രയിൽ നിന്ന് ഞങ്ങൾ നൽകും. മഹാരാഷ്ട്രയിൽ നിങ്ങളുടെ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു." എന്നായിരുന്നു ജയന്ത് പട്ടീലിന്‍റെ ട്വീറ്റ്.

ഇതിനു മുമ്പ് തെലങ്കാന സര്‍ക്കാരും മസ്കിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. വ്യവസായമന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്‍റെ മകനുമായ കെ ടി രാമറാവുവും തന്‍റെ ട്വിറ്റർ വഴിയാണ് സ്വാഗതം ചെയ്തത്.

എന്ന് ടെസ്‍ല കാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നുള്ള ആരാധകന്‍റെ ചോദ്യത്തിന് സർക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ഇലോണ്‍ മസ്ക് ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് തെലങ്കാന, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ പരസ്യമായി തങ്ങളുടെ സംസ്ഥാനത്തേക്ക് ക്ഷണം അയച്ചത്.

ഇലോണ്‍ മസ്‌കും മോദി സര്‍ക്കാരുമായി ഒരു വര്‍ഷത്തിലേറെക്കാലമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാതായതോടെയാണ് ഇന്ത്യയിലേക്കുള്ള ടെസ്‍ലയുടെ വരവ് വൈകുന്നത്. ലോകത്തില്‍ ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് മുന്‍പ് മസ്‌ക് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ടെസ്ല ഇന്ത്യയിലെത്തിക്കുന്നതിനായി തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.

Similar Posts