'അഞ്ച് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കും'; കർണാടകയിൽ രാഹുൽ ഗാന്ധി
|അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കും. തങ്ങൾ ഒരിക്കലും വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല. കർണാടകയിൽ വെറുപ്പിനെതിരെ സ്‌നേഹം ജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
#WATCH | We made 5 promises to you. I had said we don't make false promises. We do what we say. In 1-2 hours, the first cabinet meeting of the Karnataka govt will happen and in that meeting these 5 promises will become law: Congress leader Rahul Gandhi pic.twitter.com/hhsancnayq
— ANI (@ANI) May 20, 2023
ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ ജോർജ്, എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയാങ്ക ഖാർഗെ, രാമലിംഗ റെഡ്ഡി, ബി. ഇസഡ്, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.
പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കമൽഹാസൻ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.