നിക്ഷേപകരുടെ പ്രിയപ്പെട്ട സംസ്ഥാനമാക്കി യു.പിയെ മാറ്റി; യോഗി ആദിത്യനാഥ്
|തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകരുടെ ഏറ്റവും മികച്ച പ്രിയപ്പെട്ട സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ നിക്ഷേപകർക്ക് ഭയമായിരുന്നു. ഇന്ന് വിദേശത്തുനിന്നും ഇന്ത്യയിൽ നിന്നുമുള്ള നിക്ഷേപകർ യു.പിയെ തെരഞ്ഞെടുക്കുന്നു. ബി.ജെ.പി സർക്കാരിന്റെ പരിഷ്കാരങ്ങളിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
വെറും അഞ്ച് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്ക് യു.പിയെ എത്തിക്കാൻ സാധിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം പ്രതിശീർഷ വരുമാനം പ്രതിവർഷം 47,000 രൂപ മാത്രമായിരുന്നു. ഞങ്ങൾ ഇത് 54,000 രൂപയായി ഉയർത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തിന്റെ വാർഷിക ബജറ്റ് 2,00,000 കോടി രൂപയിൽ നിന്ന് 6,00,000 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ വിജയിച്ചെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയായി മാറിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആദിത്യനാഥ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ടതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 നാണ് ഫലം പ്രഖ്യാപിക്കുന്നത്. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലത്തിലേക്ക് മത്സരം നടക്കുന്ന ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് നോക്കി കാാണുന്നത്. നിലവിൽ ഭരണത്തിലുള്ള ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ചൂട് പിടിച്ച പ്രചാരണത്തിലാണിപ്പോൾ.