രാജസ്ഥാനില്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
|ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നു
ജയ്പൂര്‍: രാജസ്ഥാനില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദോട്ടസാര. പാര്‍ട്ടിയുടെ മികച്ച ഭരണം കാരണം രാജസ്ഥാനിലെ വോട്ടർമാർ കോൺഗ്രസ് സ്ഥാനാർഥികളോട് പൂർണ വിശ്വാസവും പിന്തുണയും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് സർക്കാർ ചെയ്ത പ്രവർത്തനങ്ങളുംകൊണ്ട് ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.''ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുകയാണ്. പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കി. അതിനാൽ ഞങ്ങളുടെ പ്രകടനപത്രികയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്... ഞങ്ങളുടെ പദ്ധതികളും സദ്ഭരണവുമാണ് ജനങ്ങളെ ഞങ്ങൾക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്..." അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 5 കോടി 25 ലക്ഷം വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. 1862 സ്ഥാനാർഥികളാണ് മത്സരംഗത്തുണ്ടായിരുന്നത്. 74.72 ശതമാനം പോളിംഗാണു കഴിഞ്ഞ തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കോൺഗ്രസ് സർക്കാർ അധികാര തുടർച്ച നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സർക്കാരിന്റെ ക്ഷേമപദ്ധതികളും ജാതി സർവേയുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കോൺഗ്രസിന്റെ ആയുധങ്ങൾ.
ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള ക്രമക്കെടുകളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിനെ ബി.ജെ.പി വെട്ടിലാക്കിയത്. കാൽനൂറ്റാണ്ടായി തുടർച്ചയായി ഒരു പാർട്ടിയെയും തുടരാൻ അനുവദിക്കാത്ത രാജസ്ഥാൻ, ഇത്തവണ ചരിത്രം കുറിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.