ഭക്ഷണ മെനുവിൽ മട്ടൺ മജ്ജയില്ല; കട്ടക്കലിപ്പിൽ വരന്റെ കുടുംബം; കല്യാണം മുടങ്ങി
|തർക്കം വലിയ സംഘർഷത്തിലേക്ക് കടക്കുകയും പൊലീസുകാർ ഇടപെടുകയും ചെയ്തു.
ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തിൽ വധുവിന്റെ വീട്ടുകാർ ഏർപ്പെടുത്തിയ നോൺ വെജ് വിഭവങ്ങളിൽ മട്ടൺ മജ്ജ ഇല്ലാത്തതിൽ പ്രതിഷേധവുമായി വരന്റെ വീട്ടുകാർ. രംഗം കലുഷിതമായതോടെ കല്യാണം മുടങ്ങി. തെലങ്കാനയിലാണ് സംഭവം.
വധു നിസാമാബാദ് സ്വദേശിനിയും വരൻ ജഗ്തിയാൽ സ്വദേശിയുമായിരുന്നു. വധുവിന്റെ വസതിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്നാൽ താമസിയാതെ വിവാഹം മുടങ്ങുകയായിരുന്നു.
വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള അതിഥികൾക്കായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇതിൽ മട്ടൺ മജ്ജ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്നമായത്. മെനുവിൽ നിന്ന് മട്ടൺ മജ്ജ ഒഴിവാക്കിയെന്ന് ആതിഥേയർ വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമായി.
തർക്കം വലിയ സംഘർഷത്തിലേക്ക് കടക്കുകയും പൊലീസുകാർ ഇടപെടുകയും ചെയ്തു. ലോക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വരന്റെ ഭാഗത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മജ്ജ ഒഴിവാക്കി വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചെന്ന് അവർ ആരോപിച്ചു. മജ്ജ മെനുവിൽ നിന്ന് ഒഴിവാക്കിയതിനാൽ വിവാഹം വേണ്ടെന്നു വച്ചെന്നും അവർ പറഞ്ഞു.
ഒരു തെലുങ്ക് സിനിമയോട് സാമ്യമുള്ളതാണ് സംഭവം. മാർച്ചിൽ റിലീസ് ചെയ്ത 'ബലഗം' സിനിമയിൽ മട്ടൺ മജ്ജയെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിവാഹം മുടങ്ങുന്ന രംഗമുണ്ടായിരുന്നു.