മമതക്ക് സ്വാഗതം, കോൺഗ്രസിന് വട്ടപൂജ്യം സീറ്റ്: അഖിലേഷ് യാദവ്
|തെരഞ്ഞെടുപ്പിന് മുമ്പായി കിഴക്കൻ യുപിയിലെ പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്ത് മഴവിൽ സഖ്യമുണ്ടാക്കാനും പടിഞ്ഞാറേ യുപിയിലെ കർഷക വോട്ടു നേടാനുമാണ് അഖിലേഷിന്റെയും പാർട്ടിയുടെയും ശ്രമം
ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ സഖ്യത്തിലേർപ്പെടാൻ ക്ഷണിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബംഗാളിൽ ബിജെപിയെ നാമാവശേഷമാക്കിയത് പോലെ 2022ലെ തെരഞ്ഞെടുപ്പിൽ ഇല്ലാതാൻ തങ്ങളുടെ കൂടെ കൂടണമെന്നാണ് മുൻമുഖ്യമന്ത്രി അഖിലേഷ് പറയുന്നത്. ബിജെപിയെ എങ്ങനെയും തറപറ്റിക്കാൻ ഒരുങ്ങിയിറങ്ങിയ അഖിലേഷ് റാലിയുമായി ഝാൻസിയിലെത്തിയപ്പോഴാണ് പ്രതികരണം നടത്തിയത്. തൃണമൂലിനോട് ഉചിത സമയത്ത് സംസാരിക്കുമെന്ന് പറഞ്ഞ അഖിലേഷ് തങ്ങളുടെ മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെ പരിഹസിച്ചു. പൊതുജനം അവരെ നിരാകരിക്കുമെന്നും അവർക്ക് ലഭിക്കുന്ന സീറ്റ് വട്ടപൂജ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അഖിലേഷിനെ കണ്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു അഖിലേഷിന്റെ പരാമർശം.
2017 ൽ ഒന്നിച്ച് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒന്നിച്ചു മത്സരിച്ചപ്പോൾ നല്ല അനുഭവമല്ല ഉണ്ടായിരുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി കിഴക്കൻ യുപിയിലെ പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്ത് മഴവിൽ സഖ്യമുണ്ടാക്കാനും പടിഞ്ഞാറേ യുപിയിലെ കർഷക വോട്ടു നേടാനുമാണ് അഖിലേഷിന്റെയും പാർട്ടിയുടെയും ശ്രമം. തൃണമൂലിനെ പോലെ സമാജ്‌വാദിയും പ്രധാനപ്രതിപക്ഷ കക്ഷിയായി പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ സഖ്യം പ്രസക്തമാകുന്നത്.
Akhilesh Yadav Gives "Welcome" To Mamata Banerjee, "0 Seats" To #Congress
— NDTV (@ndtv) December 4, 2021
Read more: https://t.co/zdEQhuBcG5 pic.twitter.com/opiy0bbYzv
ബംഗാൾ വിജയത്തിന് പിറകേ പലരും തൃണമൂലിൽ ചേർന്നിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ സ്വാധീനം വിപുലപ്പെടുത്താനാണ് മമത ശ്രമിക്കുന്നത്. നേരത്തെ മുംബൈയിലെത്തിയ ഇവർ എൻസിപി നേതാവ് ശരദ് പവാറിനെയും ഉദ്ദ്‌വ താക്കറെയുടെ മകൻ ആദിത്യ താക്കറെയെയും കണ്ടിരുന്നു. സന്ദർശനത്തിനിടെ എന്ത് യുപിഎ എന്ന് ചോദിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ അവഹേളിക്കുകയും ചെയ്തിരുന്നു. ബിജെപി എത്തും മുമ്പ് രണ്ടുവട്ടം ഭരിച്ച യുപിഎയുടെ ആത്മാവാണ് കോൺഗ്രസെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ തിരിച്ചടിച്ചിരുന്നു.