India
പ്രിൻസ് ആര്യന് വീട്ടിലേക്ക് സ്വാഗതം; മന്നത്തിന് പുറത്ത് എസ്.ആർ.കെ ആരാധകരുടെ ആഘോഷം
India

പ്രിൻസ് ആര്യന് വീട്ടിലേക്ക് സ്വാഗതം; 'മന്നത്തി'ന് പുറത്ത് എസ്.ആർ.കെ ആരാധകരുടെ ആഘോഷം

Web Desk
|
28 Oct 2021 2:35 PM GMT

ചിലർ പടക്കം പൊട്ടിച്ചാണ് ജാമ്യം ലഭിച്ചത് ആഘോഷിച്ചത്

മുംബൈ ക്രൂയിസ് ഷിപ്പിലെ ലഹരിക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാന് സ്വാഗതമോതി ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ വസതിയായ 'മന്നത്തി'ന് പുറത്ത് ആരാധകരുടെ ആഘോഷം. കേസിൽ അറസ്റ്റിലായി മൂന്നാഴ്ചക്ക് ശേഷം ബോംബേ ഹൈക്കോടതിയാണ് ഷാറൂഖിന്റെ മകന് ജാമ്യം നൽകിയത്. ''ആര്യൻ രാജകുമാരന് വീട്ടിലേക്ക് സ്വാഗത''മെന്ന ബാനറുമായാണ് ചില ആരാധകർ എത്തിയത്. മറ്റു ചിലർ പടക്കം പൊട്ടിച്ചാണ് ജാമ്യം ലഭിച്ചത് ആഘോഷിച്ചത്. 'വി ലവ് ഷാറൂഖ് ഖാൻ' എന്ന വാക്കുകളോടെയാണ് പലരും മാധ്യമങ്ങളോട് സംസാരിച്ചത്.

ഒക്‌ടോബർ എട്ടു മുതൽ മുംബൈ ആർതർ ജയിലിലായിരുന്നു ആര്യൻ. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കൂട്ടുകാരന്റെ പക്കൽ ചരസ് ഉണ്ടെന്ന് ആര്യൻഖാന് അറിയാമായിരുന്നു. ആര്യൻഖാന്റെ സുഹൃത്തിന്റെ ഷൂസിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചതെന്നും എൻ.സി.ബി വാദിച്ചു.

ആര്യൻഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ആര്യൻഖാന് ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തെ മുംബൈ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺ മുൺ ധമേച്ച എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് ഷിപ്പിൽ നടന്ന പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ആര്യൻ പിടിയിലായത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.


Similar Posts