India
India
പാൻ മസാല, ഗുട്ക നിരോധിച്ച് പശ്ചിമ ബംഗാൾ സർക്കാർ
|26 Oct 2021 3:38 PM GMT
പുകയില അടങ്ങിയ പാൻ മസാലയുടെയും ഗുട്കയുടെയും നിർമാണവും വിൽപ്പനയും നിരോധിച്ച് പശ്ചിമ ബംഗാൾ സർക്കാർ. നവംബർ ഏഴ് മുതൽ ഒരു വർഷത്തേക്കാണ് നിരോധനം.
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായതിനാൽ പുകയില, നിക്കോട്ടിൻ എന്നിവയടങ്ങിയ ഉത്പന്നങ്ങളുടെ വില്പന നിരോധിച്ചുവെന്നാണ് പശ്ചിമ ബംഗാൾ ഫുഡ് സേഫ്റ്റി കമ്മീഷണർ തപൻ കെ രുദ്ര ഇറക്കിയ അറിയിപ്പ്. പുകയിലയും നിക്കോട്ടിനുമാണ് ഗുട്കയുടെയും പാൻ മസാലയുടെയും പ്രധാന ചേരുവകൾ.
സംസ്ഥാന സർക്കാരുകൾക്ക് നികുതിയിലൂടെ ഏറെ വരുമാനം നേടിക്കൊടുക്കുന്നതാണ് പുകയില ഉത്പന്നങ്ങൾ. എന്നാൽ പൊതുജനാരോഗ്യം കണക്കിലെടുത്ത് ഒരുപാട് സംസ്ഥാനങ്ങൾ ഇവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചിരുന്നു.