India
ബി.ജെ.പിക്ക് തിരിച്ചടി; ബംഗാളിൽ പാർട്ടി എം.എൽ.എ തൃണമൂലിൽ ചേർന്നു
India

ബി.ജെ.പിക്ക് തിരിച്ചടി; ബംഗാളിൽ പാർട്ടി എം.എൽ.എ തൃണമൂലിൽ ചേർന്നു

Web Desk
|
7 March 2024 11:37 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മുകുതിന്റെ പാര്‍ട്ടി വിടല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത: ബി.ജെ.പി നേതാവും എം.എല്‍.എയുമായ മുകുത് മണി അധികാരി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. റാണാഗട്ട് ദക്ഷിണ്‍ മണ്ഡലം എം.എല്‍.എയാണ് മുകുത്. പാര്‍ട്ടിയില്‍ ചേര്‍ന്ന മുകുത് തൃണമൂലിന്റെ വനിതാദിന റാലിയില്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കൊപ്പം പങ്കെടുത്തു. 'നാദിയ ജില്ലയുടേയും റാണാഗട്ടിന്റെ വികസനമാണ് തനിക്കാവശ്യം. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാദിയ ജില്ലയിലുള്ളവര്‍ ദുരിതത്തിലാണ്. ഇതാണ് തന്നെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്' എന്ന് മുകുത് പറഞ്ഞു. മുതിര്‍ന്ന തൃണമൂല്‍ നേതാവ് തപസ് റോയിയും കല്‍ക്കട്ട ഹൈകോടതി ജഡ്ജ് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയാണ് മുകുത് പാര്‍ട്ടി വിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മുകുതിന്റെ പാര്‍ട്ടി വിടല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാണാഗട്ട് ദക്ഷിണ്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ 16,515 വോട്ടിനാണ് മുകുത് പരാജയപ്പെടുത്തിയത്.

അതേസമയം, മുകുതിന്റെ നീക്കം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ബി.ജെ.പി നേതാവ് ജഗന്നാഥ് സര്‍ക്കാര്‍ എം.പി പ്രതികരിച്ചു. രാഷ്ട്രീയത്തെ കാര്യമായി എടുക്കാത്ത മുകുതിന്റെ ലക്ഷ്യം എം.പി സ്ഥാനമാണെന്നും ജഗന്നാഥ് പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റാണാഗട്ട് മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുകുതിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റി ജഗന്നാഥ് സര്‍ക്കാരിനെ നിശ്ചയിക്കുകയായിരുന്നു. മണ്ഡലത്തില്‍ ജഗന്നാഥ് ജയിക്കുകയും ചെയ്തു.

എയിംസില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രദേശവാസിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തില്‍ 2022 ല്‍ മുകുത് മണി അധികാരിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

Similar Posts