രാജ്ഭവനിലേക്ക് സ്ത്രീകൾക്ക് കടക്കാൻ ഭയമാണെന്ന പരാമർശം: മമതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബംഗാൾ ഗവർണർ
|രാജ്ഭവനിലേക്ക് സ്ത്രീകൾക്ക് കടക്കാൻ ഭയമാണ് എന്നായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്ത ഹൈക്കോടതിയിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മാനനഷ്ടക്കേസ്. ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. അദ്ദേഹത്തിനെതിരെ മമത നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്.
രാജ്ഭവനിലേക്ക് സ്ത്രീകൾക്ക് കടക്കാൻ ഭയമാണ് എന്നായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്ത ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ്, ഗവർണർ ബോസ് മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശങ്ങളെ വിമര്‍ശിച്ചിരുന്നു. സമാനമായ പരാമർശങ്ങൾ നടത്തിയതിന് ചില ടിഎംസി നേതാക്കളെയും ബോസ് മാനനഷ്ടക്കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെയ് 2 ന് രാജ്ഭവനിലെ കരാർ ജീവനക്കാരിയായ ഒരു സ്ത്രീ, ഗവർണർ ബോസ് പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് മാനനഷ്ടക്കേസില്‍ വരെ എത്തിയിരിക്കുന്നത്. യുവതിയുടെ ആരോപണത്തില്‍ കൊൽക്കത്ത പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു.
മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെ ഗവർണറെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. ബോസ് ശരിയായ തീരുമാനമാണ് എടുത്തതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. "ഗവർണർ ബോസ് ശരിയായ തീരുമാനമാണ് എടുത്തത്. അദ്ദേഹം ഈ തീരുമാനം വളരെ മുമ്പേ എടുക്കേണ്ടതായിരുന്നു. ഗവര്‍ണര്‍ക്ക് പൂർണ പിന്തുണ നല്‍കുന്നു''- സിന്‍ഹ പറഞ്ഞു.
അതേസമയം പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ച് അഭിപ്രായം വ്യക്തമാക്കാമെന്ന് മുതിർന്ന ടി.എം.സി നേതാവും രാജ്യസഭാ എംപിയുമായ ഡോല സെൻ പറഞ്ഞു.