ഖേലാ ഹോബെ?; ബംഗാൾ നിയമസഭ നിർത്തിവച്ച് ഗവർണർ
|അടിയന്തരമായി സഭ നിർത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിലുള്ളത്
കൊൽക്കത്ത: ഭരണഘടനയിലെ സവിശേഷാധികാരം ഉപയോഗിച്ച് സംസ്ഥാന നിയമസഭ നിർത്തിവച്ച് (prorogue) ചെയ്ത് പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. രാജ്ഭവനും മമത ബാനർജി സർക്കാറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെയാണ് രാജ്ഭവന്റെ അപ്രതീക്ഷിത നീക്കം. ഫെബ്രുവരി 12 മുതൽ അടിയന്തര പ്രാധാന്യത്തോടെ സഭ നിർത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിലുള്ളത്.
ഗവർണറുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് ധൻകറിന്റെ നടപടി. ഭരണഘടനയുടെ 174-ാം വകുപ്പിന് കീഴിലുള്ള രണ്ടാം വ്യവസ്ഥയിലെ എ സബ് ക്ലോസ് പ്രകാരമാണ് ഗവർണറുടെ ഉത്തരവ്.
ബജറ്റ് സെഷനു തൊട്ടുമുമ്പാണ് ഗവർണറുടെ തീരുമാനം. ഫെബ്രുവരി അവസാന വാരമോ മാർച്ച് ആദ്യവാരമോ ആണ് ബജറ്റ് സെഷൻ നടക്കുന്നത്. വരുന്ന സമ്മേളനത്തില്‍ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാർലമെന്റ് വകുപ്പു മന്ത്രി പാർത്ഥ ചാറ്റർജി അറിയിച്ചിരുന്നു. ധൻകറെ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി സുകേന്ദു ശേഖർ റായ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രമേയവും കൊണ്ടുവന്നിരുന്നു. രാഷ്ട്രപതി ഗവർണറെ നീക്കാൻ ഇടപെടണം എന്നായിരുന്നു ആവശ്യം.
രാഷ്ട്രീയപ്രേരിതവും അപ്രതീക്ഷിതവുമാണ് ഗവർണറുടെ തീരുമാനമെന്ന് തൃണമൂൽ നേതൃത്വം പ്രതികരിച്ചു. നിലവിൽ സഭ നിർത്തിവച്ചതിനാൽ സർക്കാറിന് നിയമപരമായി ബജറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതായിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങളെ ഇത് ദോഷമായി ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഗവർണർ കളി തുടങ്ങി (ഖേലാ ഹോബെ) എന്ന അർത്ഥത്തിലും രാജ്ഭവന്റെ തീരുമാനം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഖേലാ ഹോബെ.