India
West Bengal Hospital Clash: Police Chief Blames Media, latest news malayalam, bengal doctor death, student protest, rgkar medical college hospital, പശ്ചിമബംഗാൾ ആശുപത്രിയിലെ സംഘർഷം: മാധ്യമങ്ങളെ പഴിചാരി പൊലീസ് മേധാവി
India

പശ്ചിമബംഗാൾ ആശുപത്രിയിലെ സംഘർഷം: മാധ്യമങ്ങളെ പഴിചാരി പൊലീസ് മേധാവി

Web Desk
|
15 Aug 2024 6:19 AM GMT

ഡോക്ടറുടെ കൊലപാതകത്തിന് ശേഷമുണ്ടായ ആക്രമണത്തിന് കാരണം മാധ്യമ റിപ്പോർട്ടുകളെന്ന് പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർ‌ഷത്തിൽ മാധ്യമങ്ങളെ പഴിചാരി ബംഗാൾ പൊലീസ്. ആശുപത്രി ആക്രമണത്തിന് കാരണം മാധ്യമ റിപ്പോർട്ടുകളാണെന്നാണ് പൊലീസിന്റെ വാദം. ആശുപത്രിയിലെത്തിയ കൊൽക്കത്ത പൊലീസ് മേധാവി വിനീത് ഗോയൽ, മാധ്യമങ്ങൾ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. ഡോക്ടർ കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജിൽ വൻ സംഘർഷമുണ്ടായതിന് പിന്നാലെയാണ് പൊലീസിന്റെ പഴിചാരൽ. സംഭവത്തിൽ പ്രതിഷേധവുമായി പുറത്തുനിന്നെത്തിയ സംഘം പൊലീസുകാരുമായി ഏറ്റുമുട്ടി.

ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു. അക്രമികൾ സി.സി.ടി.വി അടിച്ചു തകർത്തു. കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ രാത്രിയോടെ നിരവധി പേർ സമരപ്പന്തിലിലെത്തിയിരുന്നു.

പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. പുറത്തുനിന്നെത്തിയവരാണ് പ്രതിഷേധക്കാർക്ക് നേരെ തിരിഞ്ഞതും ആക്രമണം അഴിച്ചുവിട്ടതും. അതേസമയം ആക്രമണത്തിന് ഉത്തരവാദികളായവരെ രാഷ്ട്രീയ ബന്ധം നോക്കാതെ, 24 മണിക്കൂറിനുള്ളിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 31 വയസുകാരിയായ ട്രെയിനി ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ അവസ്ഥയിൽ ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിനിരയായാണ് രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.

Similar Posts