കൊൽക്കത്തയിൽ വിദ്യാർഥി മാർച്ചിൽ സംഘർഷം; നാളെ ബിജെപിയുടെ ബന്ദ്
|ഡോക്ടർമാർക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി നാളെ ബന്ദ് പ്രഖ്യാപിച്ചത്
കൊൽക്കത്ത: വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലയിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ നടന്ന വിദ്യാർഥി മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധമാണ് കൊൽക്കത്തയിൽ തെരുവുയുദ്ധമായി മാറിയത്. സംഘർഷത്തിൽ നിരവധി വിദ്യർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. പ്രതിഷേധക്കാരിൽ ചിലർ പൊലീസിനുനേരെ കല്ലറിഞ്ഞു. പിന്നീട് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അക്രമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി റാലിയ്ക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. 6000ത്തോളം വരുന്ന പൊലീസ് സന്നാഹത്തെയായിരുന്നു നഗരത്തിൽ വിന്യസിച്ചിരുന്നത്.
അതേസമയം ബംഗാളിൽ ബിജെപി നാളെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കയാണ്. ഡോക്ടർമാർക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി നാളെ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ ബന്ദ് പ്രഖ്യാപിച്ചത്.