ഉത്തർപ്രദേശ് വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണം; ആവശ്യവുമായി കേന്ദ്രമന്ത്രി
|മീററ്റിൽ നടന്ന അന്താരാഷ്ട്ര ജാട്ട് പാർലമെന്റിലാണ് മന്ത്രി ഇക്കാര്യമുന്നയിച്ചത്.
ലഖ്നൗ: ഉത്തർപ്രദേശ് വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ. മീററ്റ് തലസ്ഥാനമായി പശ്ചിമ ഉത്തർപ്രദേശ് പ്രത്യേക സംസ്ഥാനമാക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. ഞായറാഴ്ച മീററ്റിൽ നടന്ന അന്താരാഷ്ട്ര ജാട്ട് പാർലമെന്റിലാണ് മന്ത്രി ഇക്കാര്യമുന്നയിച്ചത്.
'പടിഞ്ഞാറൻ ഉത്തർപ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കണം. മീററ്റ് അതിന്റെ തലസ്ഥാനമാകണം. ഇവിടെ ജനസംഖ്യ എട്ട് കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റർ അകലെയാണ്. അതിനാൽ ഈ ആവശ്യം പൂർണമായും ന്യായമാണ്'- ബല്യാൺ പറഞ്ഞു,
ജാട്ട് സംവരണത്തെക്കുറിച്ചും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 'മോശമായി വാദിച്ചതുകൊണ്ടാണ് ജാട്ട് സംവരണം അവസാനിച്ചതെന്ന് പറയുന്നത് തെറ്റാണ്. സർക്കാർ നിലപാട് ശക്തമായി കോടതിയിൽ അവതരിപ്പിച്ചു. ഭാവിയിൽ സംവരണത്തെക്കുറിച്ച് ആരു സംസാരിച്ചാലും ഞാൻ പിന്നിലുണ്ടാകും'- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ജാട്ട് സമുദായത്തിൽപ്പെട്ട ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. പടിഞ്ഞാറൻ ഉത്തർപ്രദേശ് പ്രത്യേക സംസ്ഥാനമാക്കുക, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്, സർ ഛോട്ടു റാം, രാജ മഹേന്ദ്ര സിങ് എന്നിവർക്ക് ഭാരതരത്‌ന നൽകുക, പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാരാജാ സൂരജ്മലിന്റെ സ്മാരകം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചടങ്ങിൽ ഉയർന്നു.