'ബ്രിജ് ഭൂഷൺ മകളോട് മോശമായി പെരുമാറിയിട്ടില്ല'; മൊഴിമാറ്റി പിതാവ്, ലൈംഗികാതിക്രമ കേസിൽ നിർണായക വഴിത്തിരിവ്
|ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യസമയത്ത് സഹായിച്ചിരുന്നില്ലെന്നും പിതാവ്
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ നിർണായക വഴിത്തിരിവ്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തിന്റെ പിതാവാണ് മൊഴിമാറ്റിയത്. തന്റെ മകളോട് ബ്രിജ് ഭൂഷൺ മോശമായി പെരുമാറിയിട്ടില്ലെന്നാണ് പിതാവ് പറയുന്നു.
'മകളോട് ഗുസ്തി ഫെഡറേഷൻ വിവേചനം കാണിച്ചതിലുള്ള ദേഷ്യത്തിലാണ് അത്തരമൊരു ആരോപണം ഉന്നയിച്ചത്. മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴിതിരുത്തിയിരുന്നു. പക്ഷേ ഈ പോരാട്ടത്തിൽ ഞാൻ ഒറ്റക്കായിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യസമയത്ത് സഹായിച്ചിരുന്നില്ല..' പിതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
'ജൂൺ അഞ്ചിന് ബ്രിജ്ഭൂഷൺ ലൈംഗികമായി ദുരുപയോഗം ചെയ്തില്ലെന്ന് ജൂൺ അഞ്ചിന് സുപ്രിം കോടതിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ ഗുസ്തി ഫെഡറേഷൻ വിവേചനം കാണിക്കുന്നെന്ന ആരോപണം പിൻവലിട്ടില്ല.ആരുടെയും സമ്മർദത്തിന്റെ പുറത്തോ ഭയന്നിട്ടോ അല്ല,മൊഴി മാറ്റിയത്. മൊഴിമാത്രമാണ് മാറ്റിയത്.കേസ് പിൻവലിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു.
കഴിഞ്ഞ വർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ട്രയൽസിന്റെ ഫൈനലിൽ മകൾ തോറ്റതിന്റെ ദേഷ്യത്തിലാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചതെന്നും എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതെല്ലാം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ പെൺകുട്ടിയ ശരീരത്തോട് അമർത്തി നിർത്തി മോശമായി തൊട്ടുവെന്നുമടക്കമായിരുന്നു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതി. 2022 ൽ പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് ഈ അനുഭവമുണ്ടായതെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. അതേസമയം, പിതാവ് മൊഴിമാറ്റിയ സാഹചര്യത്തിൽ ബ്രിജ്ഭൂഷണെതിരെയുള്ള കേസുകളിലും വലിയ വഴിത്തിരിവാണുണ്ടായിരിക്കുന്നത്.
അതേസമയം, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന താരങ്ങളുടെ നിർബന്ധത്തിന് കേന്ദ്ര സർക്കാർ വഴങ്ങിയതായി സൂചന. ബിജെപിയിൽ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗിന് വിനയായത്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് കർഷക സംഘടനകളുമായി ഗുസ്തി താരങ്ങൾ ഇന്ന് മുതൽ ചർച്ചകൾ ആരംഭിക്കും. ജൂൺ പതിനഞ്ച് വരെ സമരം ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ച ഗുസ്തി താരങ്ങൾ സമരം അവസാനിക്കുന്നില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഫോർമുലകൾ കർഷക സംഘടനാ നേതാക്കളുമായും ഖാപ് നേതാക്കളുമായും താരങ്ങൾ ചർച്ച ചെയ്യും. ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച മഹാ പഞ്ചായത്ത് ഉൾപ്പടെ കേന്ദ്ര സർക്കാർ അഭ്യർത്ഥനയെ തുടർന്ന് താരങ്ങൾ മാറ്റി വെച്ചിട്ടുണ്ട്.