23 വർഷം മുൻപ് അസമിൽ നടന്നത്.. ബിൽക്കീസ് ബാനുവിന്റെ നീതി: മണിപ്പൂർ പുതിയ കഥയല്ല
|200 രൂപയും അഞ്ച് കിലോഗ്രാം അരിയും കൊടുത്ത ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു... പോലീസിൽ പരാതിപ്പെടാനുള്ള ധൈര്യം പിന്നീട് ഉണ്ടായിരുന്നില്ല....
രണ്ടുദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ മണിപ്പൂരിലെ വീഡിയോയുടെ നടുക്കം അത് കണ്ടവർക്ക് ഇതുവരെ മാറാൻ ഇടയില്ല. 2023 മെയ് 3ന് മണിപ്പൂരിലെ ഇംഫാൽ താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തീയുടെ ചൂട് രാജ്യം അറിയാൻ തുടങ്ങിയത് വെറും രണ്ടുദിവസങ്ങൾക്ക് മുൻപാണ്.
നമ്മുടെ സ്ത്രീകളോടാണോ ഇങ്ങനെയൊരു ക്രൂരത? ഇത് ഇന്ത്യയിൽ നടന്ന സംഭവം തന്നെയാണോ? ഇന്ത്യയുടെ വടക്കുകിഴക്ക് നടക്കുന്നത് കണ്ണില്ലാത്ത ക്രൂരതയോ? നമ്മുടെ രാജ്യത്തെ പുരുഷന്മാരാണോ ഇത്? തുടങ്ങി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ ചർച്ച ഇങ്ങനെ നീണ്ടുപോയി. വെറുപ്പുളവാക്കുന്നു. മണിപ്പൂർ, ഞങ്ങളെ എല്ലാവരെയും നിരാശപ്പെടുത്തി തുടങ്ങിയ തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ പേരിൽ അഭിനന്ദിക്കപ്പെടാറുണ്ട്. എന്നാൽ, വീഡിയോ പുറത്തുവന്നതോടെ അതെല്ലാം തീർന്നു എന്ന് പറഞ്ഞ് ട്വിറ്ററിൽ ചിലർ അപലപിച്ചു. മൂന്ന് മാസത്തോളമായി രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം അടിവേരറുത്ത മണിപ്പൂരിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ട്വീറ്റുകളും പോസ്റ്റുകളും ഒഴുകിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ, മണിപ്പൂരിൽ നടന്ന നൂറുകണക്കിന് ക്രൂരതകളിൽ ഒന്ന് മാത്രമാണ് കുക്കി യുവതികളെ നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ. മെയ് 29 ന് കാങ്‌പോക്‌പി ജില്ലയിലെ കുക്കി ഗ്രാമത്തിൽ നിന്ന് ഒരു പിതാവ് മാധ്യമങ്ങൾക്ക് നൽകിയ വിവരമനുസരിച്ച് മെയ് 5 ന് ഇംഫാലിലെ ജോലിസ്ഥലത്ത് വെച്ച് അദ്ദേഹത്തിന്റെ രണ്ടുപെൺമക്കൾ കൊല്ലപ്പെട്ടു. കൊലപ്പെടുത്തും മുൻപ് തന്റെ മക്കളെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ യാതൊരു മാർഗവുമില്ല. കാരണം പെൺകുട്ടികളുടെ മൃതദേഹങ്ങൾ ബിജെപി സർക്കാർ നടത്തുന്ന ഇംഫാലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മെയ്തേയ് ആധിപത്യമുള്ള ഇംഫാലിലേക്ക് പോകാനുള്ള ഭയം കാരണം സ്വന്തം മക്കളുടെ മൃതദേഹങ്ങൾ പോലും കാണാൻ പിതാവിന് സാധിച്ചിട്ടില്ല.
സ്ത്രീശരീരം ദക്ഷിണേഷ്യൻ സമൂഹത്തിൽ ഗോത്രാഭിമാനത്തിന്റെ അടയാളം കൂടിയാണ്. സമുദായങ്ങൾ തമ്മിലുള്ള വംശീയ പോരാട്ടത്തിനിടെ ഏറ്റവും കൂടുതൽ അക്രമങ്ങൾ സ്ത്രീകൾക്ക് നേരെയാകുന്നതും ഇതുകൊണ്ടുതന്നെയാണ്. വംശീയവെറുപ്പിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നമ്മുടെ പെൺകുട്ടികൾ, നമ്മുടെ രാജ്യം എന്നിങ്ങനെ അലമുറയിടുന്നതിന് മുൻപ് ഈ സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് തെറ്റിദ്ധരിക്കരുത്.
വംശീയ സംഘർഷം മണിപ്പൂരിനും വടക്കുകിഴക്കൻ മേഖലയ്ക്കും പുതിയ കാര്യമല്ല. ഒരു ഗോത്രം അല്ലെങ്കിൽ സമുദായം മറ്റൊരു ഗ്രോത്രത്തിന് നേരെ ആക്രമണം നടത്തുന്നത് മറ്റുള്ളവർ ഭീതിയോടെ നോക്കിക്കാണുകയോ തിരുത്താൻ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. പകരം അതൊരു മാതൃകയായാണ് അവർ കണക്കാക്കുന്നത്. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകൾ ദീർഘകാലം നീണ്ടുനിൽക്കുന്ന തീവ്രവാദം ബാധിച്ച വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല.
പ്രദേശത്ത് മേൽക്കോയ്മയുള്ള പുരുഷന്മാർ, സുരക്ഷാ സേനകൾ, പ്രത്യേക സായുധ സേന എന്നിവർ വരെ അധികാര നിയമത്തിന്റെ (AFSPA) സംരക്ഷണത്തിന് കീഴിൽ സ്ത്രീകളെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
23 വർഷങ്ങൾക്ക് മുൻപ്..
2000 ജൂൺ 13... ആസാം റൈഫിൾസിലെ ഒരു കൂട്ടം സൈനികർ ആസാമിലെ നൽബാരി ജില്ലയിൽ താമസിക്കുന്ന നരുട്ടം ഹലോയിയുടെ വീടിന്റെ വാതിലിൽ മുട്ടുന്നു. ഹലോയിയുടെ വീട് സൈന്യം വളഞ്ഞിരുന്നു. വാതിൽ തുറന്നയുടൻ തന്നെ കനത്ത ബൂട്ടുകൾ ധരിച്ച സൈന്യം അകത്തേക്ക് ഇരച്ചുകയറി. രണ്ട് ഭാര്യമാരോടൊപ്പമാണ് ഹാലോയ് താമസിച്ചിരുന്നത്. ആദ്യ ഭാര്യയെയും ഹലോയിയെയും സൈന്യം ക്രൂരമായി മർദിച്ച് പുറത്താക്കി.
ഭയന്ന് വിറച്ച് കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഹലോയിയുടെ രണ്ടാം ഭാര്യയെ വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം സൈന്യം കൂട്ടബലാത്സംഗം ചെയ്തു. ഹലോയിയുടെയും ആദ്യഭാര്യയുടെയും നിലവിളി കേട്ട് ഗ്രാമീണർ ഓടിയെത്തിയതോടെ സൈന്യം സ്ഥലംവിടുകയും ചെയ്തു. ഇരയുടെയും സാക്ഷികളുടെയും മൊഴി അടിസ്ഥാനമാക്കി അസം ആസ്ഥാനമായുള്ള മാനവ് അധികാര് സംഗ്രാം സമിതി കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്ന തൊട്ടടുത്ത ദിവസം രാവിലെ തന്റെ രണ്ടാം ഭാര്യയെ അടുത്തുള്ള സൈനിക ക്യാമ്പിലേക്ക് ഹാലോയ് കൂട്ടിക്കൊണ്ടുപോയി ചുമതലയുള്ള ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.
എന്നാൽ, 200 രൂപയും അഞ്ച് കിലോഗ്രാം അരിയും അവർക്ക് കൊടുത്ത ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട ഇരുവരും വീട്ടിലേക്ക് മടങ്ങുകയാണുണ്ടായത്. പോലീസിൽ പരാതിപ്പെടാനുള്ള ധൈര്യം പിന്നീട് ഇവർക്ക് ഉണ്ടായിരുന്നില്ല.
23 വർഷം മുമ്പ് അസമിൽ നടന്ന ഇതുപോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്കും മെയ് 4 ന് രേഖപ്പെടുത്തിയ മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയും തമ്മിൽ ചെറുതല്ലാത്ത സമാനതകളാണുള്ളത്. പുരുഷാധിപത്യവും സ്ത്രീകൾക്ക് മേലുള്ള കടന്നുകയറ്റവുമില്ലാതെ ഈ കേസുകളൊന്നും പൂർണമായി രേഖപ്പെടുത്താനാകില്ല. പുരുഷന്മാർ ചെയ്യുന്ന തെറ്റുകൾക്ക് സ്ത്രീകൾ വില നൽകുന്നത് അവരുടെ ശരീരംകൊണ്ടാണ്.
2004... തങ്ജം മനോരമ
അസമിലെ നൽബാരിയിൽ ക്രൂരത അരങ്ങേറിയതിന് കൃത്യം നാലുവർഷങ്ങൾക്ക് ശേഷം അയൽരാജ്യമായ മണിപ്പൂരിൽ മറ്റൊരു സംഭവമുണ്ടായി. സായുധസേനയ്ക്ക് അസാധാരണമായ അധികാരങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്ന അഫ്‌സ്പ നിയമത്തിന്റെ മറവിലാണ് ഈ സംഭവവും നടന്നത്. തങ്ജം മനോരമ എന്ന 32കാരിയെ അസം റൈഫിൾസ് കൂട്ടബലാത്സംഗം ചെയ്തു. വെടിയുണ്ടകൾ തുളച്ചുകയറി വികൃതമായ മനോരമയുടെ മൃതദേഹം അവരുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
2004 ജൂലൈയിലെ മനോരമ കേസ്, സ്വതന്ത്ര ഇന്ത്യയിൽ സർക്കാർ സ്പോൺസർ ചെയ്ത അക്രമത്തിന്റെ ഏറ്റവും ശക്തവും വേദനാജനകവുമായ പ്രതീകമാണ്. സർക്കാരിനെതിരെ നിലകൊണ്ടതിനാണ് മനോരമയടക്കമുള്ള സ്ത്രീകൾക്ക് വലിയ വില നൽകേണ്ടി വന്നതെന്നതും യാതാര്യത്യമാണ്. സൈന്യത്തിന് അനിയന്ത്രിത അധികാരം നല്‍കുന്ന 'അഫ്‌സ്പ നിയമത്തിനെതിരെ മണിപ്പൂരിലും സ്ത്രീകളാണ് മുന്നിൽ നിന്ന് പ്രതിഷേധിച്ചിരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ആസാം റൈഫിള്‍സിനു മുന്നില്‍ നഗ്നരായി നിന്നുകൊണ്ട് 'ഞങ്ങളെ റേപ്പ് ചെയ്യൂ' എന്നാക്രോശിച്ച അസാധാരണമായ പ്രതിഷേധമായിരുന്നു അത്. മനോരമയുടെ സമൂഹത്തിൽപ്പെട്ട 30 ഓളം മധ്യവയസ്കരായ മെയ്തി സ്ത്രീകൾ തലസ്ഥാനത്തെ കോട്ടയ്ക്ക് മുന്നിൽ നഗ്നരായി പ്രതിഷേധിച്ചു.
സ്ത്രീകൾക്ക് അന്ന് എന്താണ് സംഭവിക്കുന്നതെന്ന് ഞെട്ടലോടെയും ഭീതിയോടെയും രാജ്യം ശ്രദ്ധിച്ചിരുന്നെങ്കിലും പിന്നീട് മറ്റെല്ലാ സംഭവങ്ങളെയും പോലെ വളരെ വേഗം തന്നെ ഇതും തേഞ്ഞുമാഞ്ഞുപോകുന്ന കാഴ്ചയാണ് കണ്ടത്. 20 വർഷങ്ങൾക്ക് ശേഷം മറ്റൊരു ജൂലൈ ദിവസം, മറ്റൊരു സംഘർഷത്തിനിടയിൽ ഇതേ സംസ്ഥാനത്തെ ഒരു കൂട്ടം സ്ത്രീകൾ അനുഭവിക്കുന്ന ദുരിതമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
മെയ്തേയ് പുരുഷന്മാരാണ് രണ്ടുസംഭവത്തിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. രണ്ട് കുറ്റകൃത്യങ്ങളിലെയും കുറ്റവാളികളുടെ ഇരകൾ സ്ത്രീകൾ തന്നെയായിരുന്നു.
ബിൽക്കീസ് ബാനുവിനെ ഓർക്കുമ്പോൾ..
കഷ്ടിച്ച് ഒമ്പത് മാസം മുൻപാണ് പ്രധാനമന്ത്രിയുടെ 'സ്വന്തം' സംസ്ഥാനമായ ഗുജറാത്തിൽ 11 ബലാത്സംഗ കുറ്റവാളികളെ മോചിപ്പിക്കുന്നതിന് മോദി സർക്കാർ അനുമതി നൽകിയത്. ഒരു കൂട്ടം ബലാത്സംഗ കുറ്റവാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മോദി. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെയാണ് മോദി സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത്.
ബില്‍ക്കീസ് ബാനു.. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അവര്‍ക്ക് വെറും 21 വയസായിരുന്നു പ്രായം. അഞ്ചുമാസം ഗർഭിണിയും. കലാപകാരികളില്‍ നിന്ന് രക്ഷതേടി വീടുവിട്ട് ഓടുന്നതിനിടെ അക്രമികളുടെ പിടിയിലാകുന്നു. തന്റെ മൂന്നുവയസുള്ള കുഞ്ഞിനെ പാറയിൽ തലയിടിച്ച് കൊലപ്പെടുത്തുന്നതടക്കം കുടുംബത്തിലെ പതിനാലു പേരുടെ അരുംകൊല നോക്കിനിൽക്കേണ്ടി വന്നു അവർക്ക്. ഗർഭിണിയായ ബിൽക്കീസിനെ അവർ കൂട്ടബലാത്സംഗം ചെയ്തു. തന്റെ ശരീരത്ത് എത്രയാളുകൾ കയറിയിറങ്ങി എന്നതിന്റെ കണക്കുപോലും അറിയില്ലെന്ന് അവർ കോടതിയിൽ പറഞ്ഞിരുന്നു. മരിച്ചെന്ന് കരുതിയാണ് അക്രമികൾ ബിൽക്കീസ് ബാനുവിനെ ഉപേക്ഷിച്ച് പോയത്. നിരങ്ങി നീങ്ങിയ അവർ എങ്ങനെയൊക്കെയോ ജീവൻ തിരികെ പിടിക്കുകയായിരുന്നു. സ്വന്തം ഗ്രാമത്തിൽ നിന്നുള്ള ആളുകൾ ആയതിനാൽ അക്രമികളെ തിരിച്ചറിയുന്നതിന് ബിൽക്കീസ് ബാനുവിന് അധികം ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും അവരെ മോദി ഭരണകൂടം കൂടുതുറന്നുവിടുകയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നീചമായ അടയാളങ്ങളായി അവരിനിയും തെരുവിലുണ്ടാകും.
പ്രധാനമന്ത്രി മൗനം വെടിയുമ്പോൾ..
മെയ് 4-ലെ വീഡിയോക്ക് പിന്നാലെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ മൗനം വേദിയാണ് കാരണം യൂറോപ്യൻ യൂണിയനിൽ വരെ വിഷയം ചർച്ചയായതിനാലാണ് എന്നതാണ് വസ്തുത. മണിപ്പൂരിൽ നടന്ന ഒറ്റപ്പെട്ട സംഭവം കണക്കെ കണ്ണീരൊഴുക്കി അദ്ദേഹം കടന്നുപോയി. ഏകദേശം മൂന്ന് മാസത്തിലേറെയായി മാരകമായ നിശബ്ദദത പാലിച്ച പ്രധാനമന്ത്രി മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനുള്ള തിരക്കിലാണ്. ഇതിന് മുൻപ് നടന്ന സംഭവങ്ങൾ മനഃപൂർവം അദ്ദേഹം മറന്നുകളഞ്ഞതാകണം.