''മേരേ പ്യാരേ ദേശ്‌വാസിയോം'': മോദിയുടെ നോട്ടുനിരോധന പ്രസംഗത്തിന് ശേഷം എന്ത് സംഭവിച്ചു?
|ആഗോള സാമ്പത്തിക വിദഗ്ധരെല്ലാം മണ്ടത്തരമെന്നു വിശേഷിപ്പിച്ച തീരുമാനത്തിന്റെ ആഘാതത്തിൽനിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. നോട്ടുനിരോധനത്തിന് മോദി സര്‍ക്കാര്‍ പറഞ്ഞ ന്യായങ്ങളില്‍ എന്തെങ്കിലും ഫലം കണ്ടോയെന്ന് നോക്കാം...
കൃത്യം അഞ്ചു വർഷം മുൻപ് ഇതേ ദിവസം രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഖ്യാതമായ ആ 'മേരേ പ്യാരേ ദേശ്‌വാസിയോം' പ്രസംഗത്തിലൂടെ രാജ്യത്തെ മുഴുവൻ ഞെട്ടിക്കുന്നത്. 'പ്രിയപ്പെട്ട രാജ്യനിവാസികളേ' എന്നു സ്‌നേഹത്തോടെ വിളിച്ചായിരുന്നു പൗരന്മാർക്കൊന്നായി മോദിയുടെ പാതിരാ പ്രഹരം. ഇന്നു അർധരാത്രി മുതൽ 500, 1000 രൂപാ നോട്ടുകൾ അസാധുവായിരിക്കുവെന്നായിരുന്നു പ്രഖ്യാപനം. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന പണത്തിന്റെ 86 ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് മോദി ഒറ്റ പ്രഖ്യാപനത്തിലൂടെ അസാധുവാക്കിയത്.
കാര്യമായി കൂടിയാലോചനയില്ലാതെയായിരുന്നു പ്രഖ്യാപനം. ജനങ്ങൾക്ക് മുന്നൊരുക്കത്തിന് ഒരു ദിവസം പോലും നൽകിയില്ല. അസാധുവായ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചേൽപിക്കാനായി നൽകിയത് 50 ദിവസത്തെ കാലാവധിയും. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ആദ്യമൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധാരണക്കാർക്ക് കഴിഞ്ഞിരുന്നില്ല. പതുക്കെ ബോധം തിരിച്ചുകിട്ടിയ രാജ്യം മുഴുവൻ എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ വരിനിൽക്കുകയായിരുന്നു തുടർന്നുള്ള ദിവസം തൊട്ടങ്ങോട്ട്.
പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു നോട്ടുനിരോധനം വഴി ലക്ഷ്യമിടുന്നതായി കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. 1. കള്ളപ്പണം ഇല്ലായ്മ ചെയ്യൽ, 2. വ്യാജ നോട്ടുകൾ തടയൽ, 3. കാഷ്‌ലെസ് സാമ്പത്തികഘടന എന്നിവയായിരുന്നു അത്. എന്നാൽ, പ്രഖ്യാപനം വന്ന് അഞ്ചു വർഷം പിന്നിടുമ്പോഴും ഈ ലക്ഷ്യങ്ങളിലൊന്നു പോലും നേടാനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോള സാമ്പത്തിക വിദഗ്ധരെല്ലാം തനി മണ്ടത്തരമെന്നു വിശേഷിപ്പിച്ച തീരുമാനത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും രാജ്യത്തെ പൗരന്മാർക്ക് പൂർണമായും മുക്തരാകാൻ കഴിഞ്ഞിട്ടില്ല.
കള്ളപ്പണം തിരിച്ചുപിടിച്ചോ?
രാജ്യത്ത് വലിയ തോതിലുള്ള കള്ളപ്പണമുണ്ടെന്നും ഇത് ഭീകരപ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നുണ്ടെന്നും ബിജെപിയുടെ കാലങ്ങളായുള്ള ആരോപണമായിരുന്നു. ഇതിനൊരു അന്ത്യമുണ്ടാക്കുകയായിരുന്നു നോട്ടുനിരോധനത്തിലൂടെ മോദി സർക്കാർ പ്രഥമമായി ലക്ഷ്യമിട്ടത്. എന്നാൽ, അഞ്ചു വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വിജയം കാണാൻ മോദി സർക്കാരിനായോ?
കഴിഞ്ഞ വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) പുറത്തുവിട്ട കണക്കു പ്രകാരം അസാധുവാക്കപ്പെട്ട പണത്തിന്റെ 99 ശതമാനവും ഇതിനകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. അതായത് ആകെ 15.41 ലക്ഷം കോടി രൂപയാണ് നിരോധിക്കപ്പെട്ടത്. ഇതിൽ 15.31 ലക്ഷം കോടി രൂപയും ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞെന്നർത്ഥം.
20019ൽ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിനോട് പറഞ്ഞത് നോട്ടുനിരോധനമടക്കമുള്ള വിവിധ മാർഗങ്ങളിലൂടെ 1.3 ലക്ഷം കോടി കള്ളപ്പണം തിരിച്ചുപിടിക്കാനായെന്നാണ്. എന്നാൽ, നാല് ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചെത്തിക്കാനാകുമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്.
വ്യാജനോട്ടുകൾ എന്തായി?
വ്യാജനോട്ടുകൾ ഇല്ലായ്മ ചെയ്യലായിരുന്നു നോട്ടുനിരോധത്തിന്റെ രണ്ടാമത്തെ പ്രധാന ലക്ഷ്യം. നോട്ടുനിരോധനം പ്രഖ്യാപിച്ച 2016ൽ 6.32 ലക്ഷം വ്യാജനോട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പിടിച്ചെടുത്തിരുന്നത്. തൊട്ടടുത്ത നാലു വർഷങ്ങളിലായി 18 ലക്ഷം വ്യാജനോട്ടുകൾ പിടിച്ചെടുത്തെന്ന് ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ആർബിഐ കണക്കുപ്രകാരം പിടികൂടപ്പെട്ട കൂടുതൽ വ്യാജനോട്ടുകളും നൂറുരൂപയുടേതായിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് നോട്ടുനിരോധനത്തിനു ശേഷം പിടികൂടപ്പെട്ട വ്യാജനോട്ടുകളുടെ തോതും കൂടി. പത്ത്, 50, 200, 500 എന്നിവയുടെ നോട്ടുകളിൽ 144.6, 28.7, 151.2, 37.5 ശതമാനം വർധനയാണ് പിന്നീടുണ്ടായത്. വ്യാജനോട്ടുകൾ ഇപ്പോഴും ഒരു തടസവുമില്ലാതെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. പുതുതായി ഇറക്കിയ 500, 2000 നോട്ടുകളിലും വ്യാപകമായ തോതില്‍ വ്യാജ നോട്ടുകള്‍ പുറത്തിറങ്ങി.
കാഷ്‌ലെഷ് ഇക്കോണമി പൂവണിഞ്ഞോ?
കറൻസിക്ക് പകരം രാജ്യത്തെ ഓൺലൈൻ പേമെന്റ് സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു മറ്റൊരു പ്രധാന ലക്ഷ്യം. ഇക്കാര്യത്തിൽ എത്രമാത്രം വിജയിക്കാനായി എന്നു പരിശോധിക്കാം.
2016നെ അപേക്ഷിച്ച് 2020ലെത്തുമ്പോൾ രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ തോത് കൂടുക മാത്രമാണ് ചെയ്തിട്ടുള്ളത്. 2016ൽ 16.4 ലക്ഷം കോടി കറൻസിയുണ്ടായിരുന്നത് ഇപ്പോൾ 24.2 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു. അതേസമയം, ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളുടെ ഉപയോഗം മുൻപത്തെക്കാൾ കൂടുതൽ സാർവത്രികമായെന്ന കാര്യം മാത്രമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ പരിക്കേൽപിച്ച ഒരു വലിയ തീരുമാനത്തിലൂടെ മോദി സർക്കാരിന് ആകെ ആശ്വസിക്കാവുന്നതായുള്ളത്.