India
പഞ്ചാബില്‍ തണ്ടൊടിഞ്ഞ് കൈപ്പത്തി; കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി
India

പഞ്ചാബില്‍ തണ്ടൊടിഞ്ഞ് 'കൈപ്പത്തി'; കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി

Web Desk
|
10 March 2022 12:44 PM GMT

കോണ്‍ഗ്രസിന്‍റെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിത കോട്ടയായിരുന്ന പഞ്ചാബില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.

പഞ്ചാബില്‍ അടി പതറിയ കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തന്നെ തമ്മിലടി. ഭരണത്തിന്‍റെ തുടക്കത്തില്‍ അമരീന്ദർ സിംഗും നവജ്യോത് സിങ് സിദ്ദുവും തമ്മിലാണ് ഭിന്നത ഉണ്ടായിരുന്നതെങ്കില്‍ അവസാന കാലത്ത് അത് ചരണ്‍ജിത് സിംഗ് ഛന്നിയും സിദ്ധുവും തമ്മിലായി മാറി. ഹൈക്കമാന്‍ഡ് ഇടപെടലും നാമമാത്രമായിരുന്നു. പിന്നീട് നടന്ന കര്‍ഷക സമരവും വോട്ട് ബാങ്കിന് അനുകൂലമാക്കി മാറ്റുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വിജയിക്കാനായില്ല.

കോണ്‍ഗ്രസിന്‍റെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിത കോട്ടയായിരുന്ന പഞ്ചാബില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. 2017 ല്‍ അധികാരത്തിലേറിയതു മുതല്‍ തുടങ്ങിയ നേതാക്കളുടെ പോര് തന്നെയാണ് തോല്‍വിയിലേക്ക് വഴിവെച്ചത്. പി.സി.സി പ്രസിഡന്‍ഡ് നവ്ജ്യോത് സിംഗ് സിദ്ദുവും അന്നത്തെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദറും തമ്മിലുടലെടുത്ത പടലപ്പിണക്കം പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തി.

പിന്നീട് കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. പിന്നീട് മുഖ്യമന്ത്രിയായെത്തിയ ചരണ്‍ജിത്ത് സിംഗ് ഛന്നിയും സിദ്ദുവും തമ്മിലായി പടലപ്പിണക്കം. ഇക്കാരണത്താല്‍ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ താളം തെറ്റി. തെരെഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും സമയത്തിന് പ്രകടന പത്രിക പുറത്തിറക്കാന്‍ പോലും കോണ്‍ഗ്രസിന് ആയിരുന്നില്ലെന്നത് പാര്‍ട്ടിയുടെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നതായിരുന്നു.

നേതാക്കള്‍ തമ്മിലുണ്ടായ പോരില്‍ കാഴ്ചക്കാരുടെ റോളായിരുന്നു ഹൈക്കമാന്‍ഡിന്. ഒരുവേള സിദ്ധുവിനെ മാത്രം വിശ്വസിച്ചായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. കുത്തഴിഞ്ഞ സംഘടനാ സംവിധാനം പുനസ്ഥാപിക്കുന്നതിലും ഹൈക്കമാന്‍ഡ് പരാജയപ്പെട്ടു. കര്‍ഷക സമരംഅനുകൂല മാക്കുന്നതില്‍ പോലും പാര്‍ട്ടി പരാജയപ്പെട്ടതാണ് കനത്ത തോല്‍വിയിലേക്ക് നയിച്ച മറ്റൊരു ഘടകം.

Similar Posts