India
What Have People Of Telangana Lost: Revanth Reddy On KCRs Claim
India

'അല്ല, തെലങ്കാനക്കാർക്ക് എന്ത് നഷ്ടപ്പെട്ടു എന്നാ പറയുന്നത്?' ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് രേവന്ദ് റെഡ്ഡി

Web Desk
|
11 Nov 2024 3:49 PM GMT

തങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന്റെ നഷ്ടം തെലങ്കാനക്കാർ അനുഭവിക്കുന്നുവെന്നായിരുന്നു റാവുവിന്റെ പരാമർശം

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് പാർട്ടി അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. തങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന്റെ നഷ്ടം തെലങ്കാനക്കാർ അനുഭവിക്കുന്നുവെന്ന ചന്ദ്രശേഖർ റാവുവിന്റെ പരാമർശത്തിനെതിരെയാണ് രേവന്ദ് റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാനയിലെ ജനങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മുൻ മുഖ്യമന്ത്രിയുടെ ആവശ്യമേ ഇപ്പോൾ തെലങ്കാനക്കാർക്ക് ഇല്ലെന്നുമാണ് രേവന്ദിന്റെ മറുപടി.

പുതുതായി നിയമിതരായ മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർക്ക് അപ്പോയ്ൻമെന്റ് ലെറ്ററുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് രേവന്ദ് റെഡ്ഡി റാവുവിന് നേരെ ആഞ്ഞടിച്ചത്. റാവുവിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. മുൻ മുഖ്യമന്ത്രി ഇവിടെ ഇല്ലാതിരുന്നിട്ടും ജനങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹത്തെ ജനങ്ങൾ എപ്പോഴേ മറന്നു എന്നും റെഡ്ഡി പരിഹസിച്ചു.

"അല്ല, തെലങ്കാനയിലെ ജനങ്ങൾക്ക് എന്ത് നഷ്ടപ്പെട്ടു എന്നാണ് നിങ്ങൾ പറയുന്നത്? നിങ്ങളുടെ കുടുംബത്തിലെ നാല് പേർക്ക് ജോലി നഷ്ടപ്പെട്ടു കാണും. അതല്ലാതെ എന്തെങ്കിലുമുണ്ടോ? കോൺഗ്രസ് അധികാരത്തിലേറി പത്ത് മാസത്തിനുള്ളിൽ ആയിരത്തിലധികം യുവാക്കൾക്ക് ജോലി ലഭിച്ചു. 22 ലക്ഷം കർഷകർക്ക് ലോൺ കിട്ടി, സൗജന്യമായി ഒരു കോടിയോളം സ്ത്രീകളാണ് പൊതുഗതാഗതം ഉപയോഗിക്കുന്നത്. പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ലഭിക്കുന്നു, ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് 500 രൂപയിലാണ് എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നത്. പുതിയ ആശുപത്രികളുടെയും സ്‌കൂളുകളുടെയും കണക്ക് വേറെ...

തെലങ്കാനയെ പുനർനിർമിക്കുന്നതിന്റെ ഭാഗമാണിതെല്ലാം.. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണ് ചന്ദ്രശേഖർ റാവു. അദ്ദേഹമെന്താണ് ചെയ്യുന്നത്, അസംബ്ലി സെഷനുകളിൽ പോലും പങ്കെടുക്കുന്നില്ല... സർക്കാർ എത്ര തവണ പറഞ്ഞു പങ്കെടുക്കണമെന്ന്... അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് തന്നെ നോക്കൂ... രാമ റാവുവിന്റെ ഭാര്യാസഹോദരന്റെ ഫാം ഹൗസിലല്ലേ റെയ്ഡ് നടന്നത്... അവർ ദീപാവലിക്ക് പടക്കത്തിന് പകരം ചാരായക്കുപ്പികളാണ് പൊട്ടിച്ചത്. ആരെയാണ് ഇതിൽ മാതൃകയാക്കേണ്ടത്? സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെയോ ഫാം ഹൗസിൽ കള്ളും കഞ്ചാവും ഒളിപ്പിക്കുന്നവരെയോ... തെലങ്കാനയിലെ ജനങ്ങൾ ഇതിനെ പറ്റി ചിന്തിക്കണം". റെഡ്ഡി പറഞ്ഞു

നവംബർ 8ന് നടന്ന ബിആർഎസിന്റെ ഒരു സമ്മേളനത്തിലാണ് ചന്ദ്രശേഖർ റാവു തങ്ങളുടെ നഷ്ടം തെലങ്കാന തിരിച്ചറിയുന്നുണ്ടെന്ന പരാമർശമുന്നയിച്ചത്. 2028ൽ ബിആർഎസ് അധികാരത്തിൽ തിരിച്ചു വരുമെന്ന പ്രതീക്ഷയും റാവു പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കുറച്ച് കാലമായി രാഷ്ട്രീയത്തിൽ അത്ര സജീവമല്ല റാവു. വർക്കിംഗ് പ്രസിഡന്റ് ആയ കെ.ടി രാമ റാവുവിനാണ് പാർട്ടി കാര്യങ്ങളുടെ ചുമതല.

Similar Posts