'ആ പാസ് നൽകിയത് ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കിൽ... ഒന്നാലോചിച്ചു നോക്കൂ'; പാർലമെന്റ് ആക്രമണത്തിൽ രാജ്ദീപ് സർദേശായി
|ബിജെപി എംപി പ്രതാപ് സിംഹ നൽകിയ സന്ദർശക പാസിലാണ് അതിക്രമം നടത്തിയവര്‍ പാര്‍ലമെന്‍റിലെത്തിയത്
ന്യൂഡൽഹി: പാർലമെന്റിൽ പുകത്തോക്ക് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അക്രമികൾക്ക് പാർലമെന്റിന് അകത്തേക്ക് പാസ് നൽകിയത് വേറെ ഏതെങ്കിലും എംപിമാര്‍ ആയിരുന്നെങ്കിൽ കാര്യങ്ങളുടെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നാണ് സർദേശായിയുടെ അഭിപ്രായ പ്രകടനം.
'അതിക്രമിച്ചു കയറിയവർക്ക് സന്ദർശക പാസ് നൽകിയത് എംപിമാരായ അസദുദ്ദീൻ ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കിൽ എന്ന് ഒന്നാലോചിച്ചു നോക്കൂ. ശുഭരാത്രി' - എന്നാണ് സര്‍ദേശായി എക്സില്‍ (നേരത്തെ ട്വിറ്റര്‍) കുറിച്ചത്.
മൈസൂരുവിൽനിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ നൽകിയ സന്ദർശക പാസിലാണ് അതിക്രമം നടത്തിയ സാഗർ ശർമ്മയും മനോരഞ്ജൻ ഗൗഡയും പാർലമെന്റിലെത്തിയത്. അക്രമികളെ കുറിച്ച് തനിക്ക് നേരത്തെ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചത്. സിംഹയുടെ പേഴ്‌സണൽ അസിസ്റ്റന്റിൽ നിന്ന് മനോരഞ്ജനാണ് പാസുകള്‍ സംഘടിപ്പിച്ചത്.
അതിനിടെ, പ്രതാപ് സിംഹയെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.. വിഷയത്തിൽ പ്രതിരോധ മന്ത്രി പാർലമെന്റിൽ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കർ ഓം ബിർല തള്ളി. പ്രതിഷേധിച്ച സഭാംഗങ്ങളോട് പുറത്തു പോകാനും സ്പീക്കർ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥരെ ലോക്‌സഭാ സെക്രട്ടറിയറ്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.