അമിത് ഷായുടെ മകൻ ചെയ്യുന്നത് എന്താണ് ? രാഹുൽ ഗാന്ധി
|രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു രാഹുൽ
ഐസ്വാൾ: ബിജെപിയെ കടന്നാക്രമിച്ച് മിസോറാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോൺഗ്രസിൽ മാത്രമല്ല, ബിജെപിയിലുമുണ്ടെന്ന് മാധ്യമങ്ങളുമായി സംസാരിക്കവെ രാഹുല്‍ പറഞ്ഞു. അമിത് ഷായുടെയും രാജ്‌നാഥ് സിങ്ങിന്റെയും മക്കൾ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
'എന്താണ് അമിത് ഷായുടെ മകൻ ചെയ്യുന്നത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുകയാണ്. രാജ്‌നാഥ് സിങ്ങിന്റെ മകൻ എന്തു ചെയ്യുന്നു? അനുരാഗ് ഠാക്കൂർ ആരാണ്? ബിജെപിയിൽ ഒരുപാട് പേർ രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ളവരാണ്' - രാഹുൽ പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭാംഗമായ പങ്കജ് സിങ്ങാണ് രാജ്‌നാഥ് സിങ്ങിന്റെ മകൻ. യുപി ബിജെപിയുടെ ഉപാധ്യക്ഷൻ കൂടിയാണ്. നോയ്ഡയിൽ നിന്നാണ് വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ മകനാണ്.
40 അംഗ മിസോറാം നിയമസഭയിലേക്ക് നവംബർ ഏഴിനാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ. 39 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിക്ക് സഭയിൽ അഞ്ച് അംഗങ്ങളാണ് ഉള്ളത്.