എന്താണ് ബ്ലൂ ആധാർ കാർഡ് ? എങ്ങനെ അപേക്ഷിക്കാം
|നീലനിറത്തിലുള്ള അക്ഷരത്തിലാണ് ഇതിൽ പ്രിന്റ് ചെയ്തിരിക്കുന്നത്
ഡൽഹി: നിലവിൽ സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് ആധാറാണ് പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത്. കുട്ടികൾക്ക് വരെ യു.ഐ.ഡി.എ.ഐ ആധാർ കാർഡ് നൽകുന്നുണ്ട്. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന ആധാർ കാർഡിനെ വിളിക്കുന്ന പേര് ബ്ലൂ ആധാർ കാർഡ് എന്നാണ്. നീലനിറത്തിലുള്ള അക്ഷരത്തിലാണ് ഇതിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.
കുട്ടിക്ക് അഞ്ചുവയസാകുന്നതോടെ കാർഡ് അസാധുവാകും. കാർഡിന്റെ സാധുത നിലനിർത്താൻ ഇതിന് തൊട്ടുമുൻപ് യു.ഐ.ഡി.എ.ഐയുടെ സൈറ്റിൽ കയറി അപ്ഡേറ്റ് ചെയ്യണം. കുട്ടിയുടെ ബയോമ്രെടിക് വിവരങ്ങളും മറ്റും നൽകി മാതാപിതാക്കളാണ് ഇത് നിർവഹിക്കേണ്ടത്. യു.ഐ.ഡി.എയുടെ വെബ്സൈറ്റിൽ കയറി വേണം ബ്ലൂ ആധാറിനായി അപേക്ഷിക്കാൻ. ആധാർ കാർഡ് രജിസ്ട്രേഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത് വിവരങ്ങൾ കൈമാറണം. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, കുട്ടിയുടെയും മാതാപിതാക്കളുടെയും ബയോമെട്രിക് വിവരങ്ങൾ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.
മേൽവിലാസം ഉൾപ്പെടെ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളും കൈമാറണം. വിവരങ്ങൾ കൈമാറിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ആധാർ കാർഡിന്റെ രജിസ്ട്രേഷന് വേണ്ടി അപ്പോയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള എൻ റോൾമെന്റ് സെന്ററിൽ ആവശ്യമായ രേഖകളുമായി പോയി വേണം നടപടികൾ പൂർത്തിയാക്കാൻ.