India
rahul gandhi mango
India

'ഉത്തര്‍പ്രദേശിലെ മാമ്പഴം ഇഷ്ടമല്ല, പക്ഷേ പാകിസ്താനിലെ മാമ്പഴം സ്വീകരിക്കും'; രാഹുലിനെതിരെ ബി.ജെ.പി

Web Desk
|
9 Aug 2024 7:32 AM GMT

ഉത്തർപ്രദേശിൽ നിന്നുള്ള മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽ ഗാന്ധി കുറച്ച് കാലം മുമ്പ് പറഞ്ഞിരുന്നു

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ചില ലോക്സഭാ എം.പിമാര്‍ക്കും പാകിസ്താന്‍ എംബസി മാമ്പഴം അയച്ചുവെന്ന വാര്‍ത്തകളെ ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പി. റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിക്ക് പാകിസ്താനുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു.

''ഉത്തർപ്രദേശിൽ നിന്നുള്ള മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽ ഗാന്ധി കുറച്ച് കാലം മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ എംബസി രാഹുലിന് മാമ്പഴം അയച്ചു. അദ്ദേഹം ഇഷ്ടപ്പെടുന്ന മറ്റ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയണം'' കേന്ദ്രമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ അടുത്തിടെ നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാകിസ്താന്‍റെ സഹായം തേടാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. അനുരാഗ് ഠാക്കൂറിനെപ്പോലുള്ള മറ്റ് ബി.ജെപി നേതാക്കളും ഇതേറ്റുപിടിച്ചു. "അവരുടെ ഹൃദയം കിടക്കുന്ന സ്ഥലത്ത് നിന്ന് അവർക്ക് മാമ്പഴം ലഭിക്കുന്നു. യുപിയിലെ മാമ്പഴം അദ്ദേഹത്തിന് ഇഷ്ടമല്ല, പക്ഷേ പാകിസ്താനിൽ നിന്നുള്ള മാമ്പഴങ്ങളിൽ അദ്ദേഹത്തിന് ആവേശം തോന്നുന്നു," അനുരാഗ് പരിഹസിച്ചു.

അതേസമയം, പാക് ഹൈക്കമ്മീഷൻ എന്തിനാണ് 'ഈ തിരഞ്ഞെടുത്ത 7 ഇന്ത്യൻ എംപിമാർക്ക്' മാത്രം മാമ്പഴങ്ങള്‍ അയച്ചതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ചോദിച്ചു. കൂടാതെ മാമ്പഴങ്ങള്‍ സ്വീകരിച്ചവരുടെ പേരുകളും എക്സിലൂടെ വെളിപ്പെടുത്തി. രാജ്യസഭാ എം.പി കബില്‍ സിബല്‍, കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, സമാജ്‌വാദി പാര്‍ട്ടി എം.പിമാരായ മൊഹിബുള്ള നദ്‌വി, സിയാ ഉൾ റഹ്‌മാന്‍ ബാര്‍ഖ്, ഇഖ്റ ഹസ്സന്‍, അഫ്സല്‍ അന്‍സാരി എന്നിവര്‍ക്കാണ് എംബസിയില്‍നിന്ന് മാമ്പഴം ലഭിച്ചത്.

നേരത്തെയും പാകിസ്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാമ്പഴം അയച്ചിട്ടുണ്ട്. 2015ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശെരീഫ് ഇന്ത്യന്‍ നേതാക്കള്‍ക്ക് മാമ്പഴം സമ്മാനമായി അയച്ചതായി പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കും ഇത്തരത്തില്‍ മാമ്പഴം അയച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രത്തിൻ്റെ ഭാഗമാണ് മാമ്പഴം സമ്മാനമായി നല്‍കിയതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മോദി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനും മാമ്പഴം ലഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

മുന്‍പ് നയനതന്ത്രം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാകിസ്താന്‍ അയച്ച മാമ്പഴം യു.എസും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരസിച്ചിരുന്നു. 2021ലായിരുന്നു സംഭവം. 32 രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ക്കാണ് പാകിസ്താന്‍ മാമ്പഴം അയച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി മാമ്പഴം നിരസിക്കുകയായിരുന്നു.

Similar Posts