India
എന്താണ് മാസ്ക്ഡ് ആധാര്‍ കാര്‍ഡ്?
India

എന്താണ് മാസ്ക്ഡ് ആധാര്‍ കാര്‍ഡ്?

Web Desk
|
29 May 2022 7:57 AM GMT

ആധാർ കാർഡുകളുടെ വ്യാജ പകർപ്പുകൾ വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ നിര്‍ദേശം

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. എല്ലാത്തരം സേവനങ്ങൾക്കും ആധാർ കാർഡിലെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന മാസ്ക്ഡ് ആധാർ കാർഡ് ഉപയോഗിക്കണം. യു.ഐ.ഡി.എ.ഐ ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും ആധാർ കാർഡിലെ രഹസ്യ വിവരങ്ങൾ കൈമാറരുത്. സ്ഥാപനങ്ങൾ വിവരങ്ങൾ ആവശ്യപ്പെടുന്നത് നിയമപരമായി കുറ്റകരമാണ്. ആധാർ കാർഡുകളുടെ വ്യാജ പകർപ്പുകൾ വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര ഐടി മന്ത്രാലയം വാർത്താ കുറിപ്പ് പുറത്തിറക്കിയത്.

സാധാരണയായി 12 അക്ക നമ്പർ ആയിരിക്കും ആധാര്‍ കാര്‍ഡില്‍ ഉണ്ടായിരിക്കുക. കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശ പ്രകാരം ഇനി മുതല്‍ മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡ് ആയിരിക്കും സ്വകാര്യ വ്യക്തികള്‍ ആധാര്‍ വിവരം കൈമാറേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള മാസ്ക്ഡ് ആധാര്‍ കാര്‍ഡില്‍ ആദ്യത്തെ എട്ട് അക്കങ്ങള്‍ മാസ്ക് ചെയ്തിട്ടാകും ഉണ്ടാകുക. അവസാന 4 അക്കങ്ങൾ മാത്രമേ കാണാന്‍ സാധിക്കൂ. യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റിൽ നിന്ന് ആധാറിന്റെ മാസ്ക് ചെയ്ത കോപ്പി ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്‍റർനെറ്റ് കഫേകളെ ആശ്രയിക്കുമ്പോള്‍ പൊതു കമ്പ്യൂട്ടറുകൾ ഉപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുവായ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുകയാണെങ്കിൽ, ആ കമ്പ്യൂട്ടറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഇ-ആധാറിന്‍റെ എല്ലാ പകർപ്പുകളും പൂര്‍ണമായി ഇല്ലാതാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഒരു സ്ഥാപനം ആധാർ കാർഡിന്‍റെ ഫോട്ടോകോപ്പി ആവശ്യപ്പെട്ടാല്‍ അവർക്ക് യു.ഐ.ഡി.എ.ഐ അംഗീകൃത ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Related Tags :
Similar Posts