India
Rahul Gandhi press meet challenging bjp

Rahul gandhi

India

മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്? ഞാൻ ഭയപ്പെടുന്ന ആളല്ലെന്ന് അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല: രാഹുൽ ഗാന്ധി

Web Desk
|
25 March 2023 8:03 AM GMT

ഇന്ത്യയുടെ പ്രശ്‌നത്തിന് ഇന്ത്യയാണ് പരിഹാരം കാണേണ്ടത് എന്നാണ് യു.കെയിൽ പറഞ്ഞതെന്നും രാഹുൽ വ്യക്തമാക്കി.

ന്യൂഡൽഹി: ഒന്നിന്റെ മുന്നിലും ഭയപ്പെടില്ലെന്നും ചോദ്യം ചോദിക്കുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരും. ജയിലിലിട്ട് തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താൻ ചോദിച്ചത്. അദാനിയുടെ ഷേൽ കമ്പനിയിൽ 20,000 കോടി നിക്ഷേപിച്ചതാരാണ്? മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ അദാനിയുമായി ബന്ധമുണ്ട്. അദാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതിൽ ഒരു ചൈനീസ് പൗരൻ ഉണ്ടെന്നും രാഹുൽ ആരോപിച്ചു.

യു.കെയിൽ രാജ്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. യു.കെയിൽ ഒന്നിലധികം വേദികളിൽ സംസാരിച്ചു. ഇന്ത്യയുടെ പ്രശ്‌നത്തിന് ഇന്ത്യയാണ് പരിഹാരം കാണേണ്ടത് എന്നാണ് യു.കെയിൽ പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.

തനിക്കെതിരായ ആരോപണത്തിൽ മറുപടി പറയാൻ അവസരം തേടി രണ്ടുതവണ സ്പീക്കർക്ക് കത്ത് നൽകി. തനിക്കെതിരെ ബി.ജെ.പി എം.പിമാർ പാർലമെന്റിൽ നുണപ്രചാരണം നടത്തി. നിയമം പോലും അദാനിക്ക് വേണ്ടി മാറ്റി എഴുതിയതിന് തെളിവ് നൽകി. തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് സ്പീക്കർ പറഞ്ഞതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Similar Posts