എന്താണ് കാലിത്തീറ്റ കുംഭകോണം? രാഷ്ട്രീയയാത്രയിൽ ലാലുവിനെ തളര്‍ത്തിയ വിവാദം
|ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്
'സമൂസയിൽ ആലു (ഉരുളക്കിഴങ്ങ്) ഉള്ള കാലത്തോളം ബിഹാറിൽ ലാലു ഉണ്ടാകു'മെന്ന് അന്നാട്ടുകാരുടെ ചൊല്ലായിരുന്നു. എന്നാൽ 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡ് രാഷ്ട്രീയ ജനതാദളെന്ന മതേതര പ്രസ്ഥാനത്തിന്റെ നായകനും ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്ന നേതാവിന്റെ രാഷ്ട്രീയ യാത്രയിൽ ഇരുട്ടുവീഴ്ത്തി. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടതും 'കാലിത്തീറ്റ കുംഭകോണം' എന്നറിയപ്പെട്ടതുമായ കേസുകളുടെ തുടക്കമായിരുന്നു ഈ റെയ്ഡും തുടർനടപടികളും. 25 വർഷം കഴിഞ്ഞാണ് അവസാനത്തേതും അഞ്ചാമത്തേതുമായ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്. 1990കളിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ വഞ്ചനാപരമായ രീതിയിൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതടക്കം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ലാലുപ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.
RJD chief Lalu Prasad Yadav reaches CBI Special Court in Ranchi, Jharkhand
— ANI (@ANI) February 15, 2022
The court will today pronounce its verdict in a case related to the fodder scam pic.twitter.com/lWidpuofT0
ഇപ്പോഴത്തെ കേസിൽ റാഞ്ചി സിബിഐ കോടതിയാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് വിധിച്ചിരിക്കുന്നത്. നാലാമത്തെ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് 2018 ജൂൺ നാലിന് റാഞ്ചി സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. കേസിൽ പ്രതിയായിരുന്ന മുൻമുഖ്യമന്ത്രി ജഗന്നാഥ മിശ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. ബിഹാറിലെ ധുംക്ക ട്രഷറിയിൽ നിന്നും 1995 - 1996 കാലഘട്ടത്തിൽ വ്യാജരേഖകളുപയോഗിച്ച് മൂന്ന് കോടിയിൽ അധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അന്ന് കണ്ടെത്തിയത്.
Bihar | Visuals from outside the Patna residence of RJD chief Lalu Prasad Yadav, convicted of fraudulent withdrawal from Doranda treasury in the fodder scam case pic.twitter.com/8V5IRNxDLO
— ANI (@ANI) February 15, 2022
കേസിൽ ലാലുവും ജഗന്നാഥ മിശ്രയും ഉൾപ്പടെ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യത്തെ കേസിൽ 2013ൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ അഞ്ച് വർഷം ശിക്ഷ ലഭിച്ചു. രണ്ടാമത്തെ കേസിൽ 2017 ഡിസംബറിൽ 3.5 വർഷവും മൂന്നാമത്തെ കേസിൽ 2018 ജനുവരിയിൽ അഞ്ച് വർഷം തടവും ലാലുവിന് ശിക്ഷ വിധിച്ചു.
36 people have been given a jail term of 3 years each by a CBI Special Court in Ranchi. Lalu Prasad Yadav has been convicted. The quantum of punishment to him is yet to be pronounced: Sanjay Kumar, defence lawyer in Doranda treasury case pic.twitter.com/mu6q22MZc4
— ANI (@ANI) February 15, 2022
അതേസമയം, ഡി.എൽ.എഫ് അഴിമതിക്കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. കേസന്വേഷിച്ച സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കുറ്റാരോപണം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ലീൻ ചിറ്റ് നൽകിയത്. മുംബൈയിലെ ബാന്ദ്ര റെയിൽ ലാൻഡ് ലീസ് പദ്ധതിക്കും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിക്കും വേണ്ടി ഡി.എൽ.എഫ് കമ്പനി ലാലുപ്രസാദ് യാദവിനു കോഴ നൽകിയെന്നായിരുന്നു കേസ്. സൗത്ത് ഡൽഹിയിലെ ഭൂമി ലാലു പ്രസാദ് യാദവിന് ഡി.എൽ.എഫ് കമ്പനി നൽകിയെന്നായിരുന്നു ആരോപണം. 2018ലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ അറിയിക്കുകയായിരുന്നു. കേസിൽ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
നേരത്തെ കാലിത്തീറ്റ കുംഭകോണ കേസിലെ ജയിൽ ശിക്ഷയും ഡൽഹി എയിംസിലെ ചികിത്സക്കും ശേഷം ആർ.ജെ.ഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് സ്വന്തം തട്ടകമായ പാറ്റ്‌നയിൽ 2021 ഒക്‌ടോബറിലാണ് തിരിച്ചെത്തിയിരുന്നത്. മൂന്നര വർഷത്തെ ഇടവേളക്കു ശേഷമായിരുന്നു ലാലു മടങ്ങിയെത്തിയത്. ജയിൽ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ഡൽഹിയിലെ മകൾ മിസ ഭാർതിയുടെ വീട്ടിലായിരുന്നു ലാലു. കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ഡിസംബർ മുതൽ ലാലു ജയിലിലായിരുന്നു. 2018 ആഗസ്തിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
What is the fodder scam ?; The controversy that blocked Lalu Prasad Yadav on his political journey