തിരിച്ചടിയായത് അമിത ആത്മവിശ്വാസം: പിടിവാശിയിൽ കാലിടറി, കോൺഗ്രസ് പഠിച്ച പാഠങ്ങൾ
|ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ് എന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
ഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആത്മവിശ്വാസവും കോൺഗ്രസിന് ആത്മപരിശോധനക്കുള്ള അവസരവുമാണ് നൽകിയത്.. അമിതമായ ആത്മവിശ്വാസവും ചെറു പാർട്ടികളോടുള്ള അവഗണനയുമാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് തോൽവി സമ്മാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ് എന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനലിൽ ടീം ബിജെപി മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ചു. ഒന്ന് പൊരുതാൻ പോലും കഴിയാതെ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സംഘം ഇടറി വീഴാൻ ഏതാനും മണിക്കൂറുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. ഹിന്ദി ബെൽറ്റിൽ നരേന്ദ്ര മോദിയുടെ ജനപിന്തുണക്കുള്ള അംഗീകാരം എന്ന് ഹിന്ദി ഭൂമിയിലെ വിജയത്തെ വിശേഷിപ്പിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയുടെ ആത്മവിശ്വാസം വാനോളമുയർത്തുന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് പുനർചിന്തനത്തിനുള്ള അവസരം കൂടിയാണ് നൽകുന്നത്.
കനത്ത പരാജയങ്ങൾക്കിടയിലും ദക്ഷിണേന്ത്യയിൽ തെലങ്കാന കൈപിടിച്ചത് മാത്രമാണ് കോൺഗ്രസിൻ്റെ ഏക ആശ്വാസം. കൂട്ടായ്മ ഇല്ലാതെ പ്രവർത്തിച്ച കോൺഗ്രസ് മധ്യപ്രദേശിൽ മറന്നത് മുന്നണി മര്യാദ കൂടിയാണ്. പിണങ്ങിയ സഖ്യ കക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ കോൺഗ്രസ് കാണിച്ച പിടിവാശിയും ഇന്നത്തെ പരാജയത്തിൻ്റെ കാരണങ്ങളിൽ ഒന്നാണ്.
രാജസ്ഥാനിലെ പരാജയം കാലാകാലങ്ങളിൽ ഉണ്ടാകാറുള്ള ഭരണമാറ്റമെന്ന് ആശ്വസിക്കാം എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത് എങ്കിൽ മധ്യപ്രദേശിലെ ദയനീയ പരാജയം പാർട്ടിക്ക് മുന്നിൽ ചോദ്യ ചിഹ്നമായി നിലനിൽക്കും. ഹിന്ദുത്വ രാഷ്ട്രീയം ബിജെപിക്ക് മാത്രം അവകാശപെട്ടത് അല്ലെന്നായിരുന്നു പ്രചരണം രംഗത്ത് കമൽ നാഥ് ചൂണ്ടികാട്ടിയത്. ഇതോടെ ബിജെപി വിരുദ്ധ വോട്ട് പൂർണമായി സമാഹരിക്കാനും കോൺഗ്രസിന് കഴിഞ്ഞില്ല.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ബിജെപിയുടെ സ്വാധീനത്തെ കുറിച്ചും വ്യക്തമായ ഗൃഹപാഠം ചെയ്യാതെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കോൺഗ്രസ് ഈ പരാജയത്തിൽ നിന്നും പഠിക്കണം.