അവർ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായല്ല; കർഷക സമരം സംബന്ധിച്ച പരാമർശത്തിൽ കങ്കണയെ തള്ളി ബിജെപി
|ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കങ്കണയ്ക്ക് ബിജെപിയുടെ നിർദേശം
ഡൽഹി: കർഷക പ്രക്ഷോഭം സംബന്ധിച്ച പ്രസ്താവനയിൽ എംപിയും നടിയുമായ കങ്കണ റണാവത്തിനെ തള്ളി ബിജെപി. കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും കങ്കണയുടെ അഭിപ്രായത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്നുമാണ് ബിജെപിയുടെ വിശദീകരണം. ഇത്തരത്തിലുള്ള പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അനുവാദമോ അധികാരമോ ഇല്ലെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കങ്കണയ്ക്ക് പാർട്ടി നിർദ്ദേശനൽകി.
ഇന്ത്യയിലെ കർഷക സമരത്തെയും ബംഗ്ലാദേശിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്ത് കങ്കണ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായതിനു തുല്യമായ പ്രതിസന്ധിയിലേക്കു നയിക്കുമായിരുന്നു എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിനെ തള്ളിയാണ് ബിജെപി രംഗത്തെത്തിയത്.
കർഷക സമരത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഛണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് കങ്കണയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥയുടെ മർദനമേറ്റിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. കങ്കണ കർഷകരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് മർദ്ദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു. പിന്നാലെ കുൽവീന്ദർ കൗറിന് ജോലി നഷ്ടമാകുകയും ചെയ്തു. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സമീപ ദിവസങ്ങളിലായിരുന്നു കങ്കണയെക്കെതിരെ അക്രമണമുണ്ടായത്.
വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടി. കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ട സാഹചര്യമുണ്ടായിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.