‘ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’; കോടതിയിൽ നിലപാട് അറിയിച്ച് വാട്ട്സ്ആപ്പ്
|വ്യാജ സന്ദേശങ്ങൾ തടയുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് കേന്ദ്രം
ന്യൂഡൽഹി: സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കി ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്. ഡൽഹി ഹൈക്കോടതിയിൽ വാട്ട്സ്ആപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ കീർത്തിമാൻ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. വാട്ട്സ്ആപ്പ് ആളുകൾ ഉപയോഗിക്കുന്നത് പ്ലറ്റ്ഫോം ഉറപ്പുനൽകുന്ന സ്വകാര്യതയും സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാലുമാണെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.
2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹരജികൾ ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. വാട്ട്സ്ആപ്പിൽ ഏർപ്പെടുത്തിയ അധിക സുരക്ഷാ സംവിധാനത്തിൽ എന്തിനാണ് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതെന്ന് മനസ്സിലാകുന്നില്ല. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങൾ നിലവിലില്ലെന്നും അഭിഭാഷകൻ വാദിച്ചു.
അതേസമയം, വ്യാജ സന്ദേശങ്ങൾ തടയുകയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയുമാണ് നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര സർക്കാറിന് കോടതിയെ അറിയിച്ചിരുന്നു. വ്യാജ സന്ദേശങ്ങൾ പലപ്പോഴും രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേസ് ആഗസ്റ്റ് 14ന് വീണ്ടും കോടതി പരിഗണിക്കും.