India
When did a businessmans marriage become a public event? The government should announce holidays without troubling the people; Traffic restrictions for Ananth Ambani-Radhika Merchant wedding criticized by people,mukesh ambani,;latest news
India

'വ്യവസായിയുടെ വിവാ​ഹം പൊതുപരിപാടിയായത് എപ്പോൾ?; ആനന്ദ് അംബാനിയുടെ വിവാഹത്തിന് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയതിൽ രൂക്ഷവിമർശനം

Web Desk
|
7 July 2024 2:06 PM GMT

നിയന്ത്രണ ഉത്തരവ് പങ്കവെച്ച മുംബൈ ട്രാഫിക് പൊലീസിന്റെ എക്സ് പേജിലാണ് ജനങ്ങളുടെ വിമർശനം

മുന്നൊരുക്കങ്ങളും പ്രാചാരണ പരിപാടികളുംകൊണ്ട് രാജ്യം മുഴുവൻ ചർച്ചയാവുകയാണ് ആനന്ദ് അംബാനി-രാധിക മർച്ചൻ്റ് വിവാഹം. രാജ്യത്ത് നടക്കാൻ പോകുന്ന ആഢംബര കല്ല്യാണത്തെക്കുറിച്ചുള്ള നിരവധി വാർത്തകളും ഇതോടെ പുറത്തു വരുന്നുണ്ട്. ആനന്ദ്-രാധിക വിവാ​ഹവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിലൂൾപ്പടെ ചർച്ചയാകുന്നത്.

ജൂലൈ 12 നും 15 നും ഇടയിൽ നടക്കാനിരിക്കുന്ന ഇരുവരുടേയും വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ന​ഗരത്തിലെ പ്രധാന റൂട്ടുകളിൽ ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് മുംബൈ ട്രാഫിക് പൊലീസ്. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായി ജനങ്ങള്‍ രം​ഗത്തെത്തി. മുംബൈയിലെ ബികെസി, ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിന് സമീപമുള്ള നഗരത്തിലെ പ്രധാന റൂട്ടുകളിൽ നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും സംബന്ധിച്ച് മുംബൈ ട്രാഫിക് പൊലീസ് പത്രക്കുറിപ്പ് പുറത്തിറക്കുകയും ഇതിന്റെ പകർപ്പ് ട്രാഫിക് പൊലീസിന്റെ ഔദ്യോ​ഗിക എക്സ് പേജിലും പങ്കുവെക്കുകയും ചെയ്തു. ഇതിന് താഴെ കമ്മന്റുകളിലൂടെയാണ് ജനം രൂക്ഷവിമർശനവുമായി എത്തിയത്.

“എപ്പോഴാണ് ഒരു വ്യവസായിയുടെ സ്വകാര്യ പരിപാടി പൊതു പരിപാടിയായത്?, മുംബൈയിലെ ഓരോ പൗരനും ഇതിലേക്ക് ക്ഷണിക്കപ്പെടുമോ അതോ തിരഞ്ഞെടുത്ത ചിലരെയാണോ?, പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം നടപടിക്ക് പകരം വിവാഹ സത്ക്കാരം രാത്രിയിലേക്കോ, വൈകുന്നേരങ്ങളിലേക്കോ മാറ്റിവെക്കാനാണ് സംഘാടകർ ശ്രദ്ധിക്കേണ്ടിയിരുന്നത് . ട്രാഫിക് പൊലീസിന്റെ പോസ്റ്റിന് മറുപടിയായ് ലഭിച്ച കമ്മന്‍റുകളിങ്ങനെ.

ആനന്ത് അംബാനി വിവാഹം ഒരു പൊതു പരിപാടിയാണോ ?, ചിലരുടെ വിവാഹത്തിന് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തുകൊണ്ടാണ്?, എന്നുമുതലാണ് സർക്കാർ സ്വകാര്യ പരിപാടികളിൽ ഇടപെടാൻ തുടങ്ങിയത്? വിമർശനങ്ങള്‍ തുടർന്നു. ഇത് പൊതുപരിപാടിയെങ്കിൽ ഇതിനെ കുറിച്ച് കൂടുതലറിയാൻ പൊതുജനങ്ങൾക്ക് അധികാരമുണ്ടെന്ന് ഒരാൾ കമ്മന്റ് ഇട്ടപ്പോൾ നിയന്ത്രണമേർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പകരം സർക്കാർ അവധി പ്രഖ്യാപിക്കണമെന്നായിരുന്നു മറ്റൊരളുടെ ആവശ്യം.

ഹാഥ്രസിൽ പരിപാടി നടത്തിയപ്പോൾ ഭോലേ ബാബ സ്വീകരിച്ചതിനേക്കാൾ മുൻകരുതലുകൾ അംബാനി വിവാഹത്തിന് സർക്കാർ എടുക്കുന്നുണ്ട്, പണവും അധികാരവുമാണ് ഇതിന് കാരണമെന്നത് വ്യക്തമാണ്, അങ്ങനെ പരിഹാസത്തിന്റേയും വിമർശനത്തിന്റേയും ഭാഷയിലുള്ള കമ്മന്റുകൾ ഒട്ടേറെ. സമ്പന്നർ മതിമറക്കുമ്പോൾ ബുദ്ധിമുട്ടനുഭവിക്കുന്നത് ദിവസേന റൊട്ടി സമ്പാദിക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരനാണ്, കമ്മന്റുകളിങ്ങനെ നീളുന്നു.

ജൂലൈ 12 വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടേയും വിവാഹ ചടങ്ങുകൾ ആരംഭിക്കുക. തുടർന്നുള്ള സത്‍ക്കാര പരിപാടി ജൂലൈ 13 ശനിയാഴ്ചയും അവസാന പരിപാടിയായ മംഗൾ ഉത്സവ് ജൂലൈ 14 ഞായറാഴ്ചയും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളും ഗായകരുമുൾപ്പടെയുള്ളവകരാണ് വിവാ​ഹത്തിന് പങ്കെടുക്കുന്നത്.

Similar Posts