India
ഖുർആന്‍ ബൈന്‍ഡ് ചെയ്യാന്‍ ഹനുമാന്‍ഭക്തന്‍റെ കടയില്‍ ചെന്നപ്പോള്‍; അനുഭവം പങ്കുവച്ച് മാധ്യമപ്രവർത്തകന്‍
India

''ഖുർആന്‍ ബൈന്‍ഡ് ചെയ്യാന്‍ ഹനുമാന്‍ഭക്തന്‍റെ കടയില്‍ ചെന്നപ്പോള്‍''; അനുഭവം പങ്കുവച്ച് മാധ്യമപ്രവർത്തകന്‍

Web Desk
|
4 Dec 2021 2:16 PM GMT

''സംസ്‌കൃതത്തിൽ ചെറുശ്ലോകം ചൊല്ലി ഏറെ ആദരവോടെ അദ്ദേഹം ഖുർആൻ സ്വീകരിച്ചു. ബൈന്‍ഡിങ്ങിന് എത്രയാകുമെന്നു ചോദിച്ചപ്പോൾ ഇതൊരു പവിത്രഗ്രന്ഥമല്ലേ, ഒന്നും തരേണ്ടെന്ന് മറുപടിയും!''

ഗുരുഗ്രാമിൽ ഹിന്ദുത്വസംഘം ജുമുഅ നമസ്‌കാരം തടസപ്പെടുത്തിയ ദിവസം തന്നെ ഡൽഹിയിൽ നടന്ന മതമൈത്രിയുടെ മനോഹരമായൊരു അനുഭവം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ സിയാഉസ്സലാം. കേടായ ഖുർആൻ പ്രതി ബൈൻഡ് ചെയ്യിക്കാനായി ഒരു കടയിലെത്തിയപ്പോഴായിരുന്നു സംഭവം.

ചുമരിൽ ഗണപതി ചിത്രമുള്ള കലണ്ടർ പതിച്ച കടയിലാണ് സിയാഉസ്സലാം ഖുർആൻ പ്രതി ബൈൻഡ് ചെയ്യിക്കാനായി എത്തിയത്. കടയിലെ മേശമേൽ കുഞ്ഞ് ഹനുമാൻ വിഗ്രഹവുമുണ്ടായിരുന്നു. ബൈൻഡ് ചെയ്തുതരണമെന്ന ആവശ്യം പറഞ്ഞ് ഖുർആൻ നീട്ടിയപ്പോൾ ഏറെ ആദരവോടെയായിരുന്നു കടയ്ക്കാരൻ അതു സ്വീകരിച്ചത്. സംസ്‌കൃതത്തിൽ ചെറുശ്ലോകവും ചൊല്ലി അദ്ദേഹം. ബൈൻഡിങ്ങിന് പണം എത്രയാകുമെന്നു ചോദിച്ചപ്പോൾ ഇതൊരു പവിത്രഗ്രന്ഥമല്ലേ, ഒന്നും തരേണ്ടെന്നായിരുന്നു മറുപടി.

ദ ഹിന്ദുവിൽ അസോഷ്യേറ്റ് എഡിറ്ററായ സിയാഉസ്സലാം ഫേസ്ബുക്കിലാണ് ഈ അനുഭവം പങ്കുവച്ചത്. ഇനിനകം തന്നെ നൂറുകണക്കിനുപേർ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. സിയാഉസ്സലാമിന്റെ ഹൃദയം തൊടുന്ന കുറിപ്പ് വായിക്കാം:

ഗുരുഗ്രാമിൽ വെള്ളിയാഴ്ച നമസ്‌കാരം വീണ്ടും തടസ്സപ്പെട്ട അതേദിവസം ന്യൂഡൽഹിയിലെ എന്റെ ഓഫീസിനടുത്ത് ഹൃദയസ്പർശിയായൊരു അനുഭവം എനിക്കുണ്ടായി. താളുകൾ അടർന്ന്, പുറംചട്ട കേടായ ഖുർആന്റെ ഒരു പ്രതിയുമായി ഞാൻ ഒരു ബൈൻഡറുടെ അടുത്ത് ചെന്നു.

കടക്കാരൻ ഒരു സ്റ്റൂളിലിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വലതുഭാഗത്തുള്ള കലണ്ടറിൽ ഗണപതിയുടെ ചിത്രമാണുള്ളത്; തൊട്ടരികിലുള്ള മേശയ്ക്ക് പുറത്ത് ഒരു കുഞ്ഞ് ഹനുമാൻ വിഗ്രഹവുമുണ്ട്.

''ഭയ്യാ... ഈ ഖുർആനൊന്ന് ബൈൻഡ് ചെയ്തുതരണം''- ഞാൻ പറഞ്ഞു.

ഉടൻതന്നെ കൈ പാന്റ്‌സിൽ തുടച്ച് വൃത്തിയാക്കിയ അദ്ദേഹം അവിടെ ബൈൻഡിങ്ങിനായി വച്ചിരുന്ന പുസ്തകങ്ങൾക്കുമുകളിൽ ഒരു തുണി വിരിച്ചു. എന്നിട്ട് ആദരവോടെ ഖുർആൻ തുറന്ന് ഒരു ചെറുസംസ്‌കൃത ശ്ലോകവും ചൊല്ലി.

''അത് ശരിയാക്കിവയ്ക്കാം. ഞായറാഴ്ച വന്നോളൂ''- അദ്ദേഹം.

എത്രയാകുമെന്ന് ചോദിച്ചു ഞാൻ.

''ഒന്നും വേണ്ട...'' അദ്ദേഹം പറഞ്ഞു. ഇതൊരു പവിത്രഗ്രന്ഥമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഞാൻ വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു:

''അത് ഇത് വാങ്ങാൻ വരുമ്പോൾ നോക്കാം. ഇപ്പൊ നിങ്ങൾ പോയ്‌ക്കൊള്ളൂ... പണി ഞാൻ തീർത്തുവയ്ക്കാം...''

എന്നിട്ട് ഖുർആൻ ആ പുസ്തകക്കൂമ്പാരത്തിനു മുകളിൽ വച്ചു.

ഞാൻ വളർന്ന ഇന്ത്യയാണത്...

Summary: ''When I went with the Qur'an to a binding shop, where a small statue of Hanuman was on the table''; Senior Journalist Ziaussalam's note sharing a heartwarming experience

Similar Posts