India
ഇംഗ്ലീഷ് മാത്രമല്ല, ഹിന്ദിപ്പാട്ടും വഴങ്ങും; ഗായകനായി ശശി തരൂര്‍
India

ഇംഗ്ലീഷ് മാത്രമല്ല, ഹിന്ദിപ്പാട്ടും വഴങ്ങും; ഗായകനായി ശശി തരൂര്‍

Web Desk
|
6 Sep 2021 10:26 AM GMT

തരൂര്‍ തന്നെയാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്

രാഷ്ട്രീയം മാത്രമല്ല, പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് ശശി തരൂര്‍ എം.പി. ഹിന്ദി പാട്ട് പാടിയാണ് തരൂര്‍ സദസിനെ കയ്യിലെടുത്തത്. ഐടി പാര്‍ലമെന്‍ററി കമ്മിറ്റി അംഗങ്ങളുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിലാണ് തരൂര്‍ ഗായകനായി തിളങ്ങിയത്. ദൂരദര്‍ശന്‍റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക പരിപാടിക്കു ശേഷമായിരുന്നു തരൂര്‍ മൈക്ക് കയ്യിലെടുത്തത്.

തരൂര്‍ തന്നെയാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. അംഗങ്ങള്‍ പാടാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ പാടിയതെന്നും റിഹേഴ്സല്‍ ഒന്നും നടത്തിയില്ലെന്നും ആസ്വദിക്കണമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 1971ല്‍ പുറത്തിറങ്ങിയ അജ്ന‍ബി എന്ന ചിത്രത്തിലെ 'എക് അജ്നബി ഹസീന സേ' എന്നുതുടങ്ങുന്ന പാട്ടാണ് തരൂര്‍ പാടിയത്. രാജേഷ് ഖന്നയും സീനത്ത് അമനും നായികാനായകന്‍മാരായ ചിത്രത്തില്‍ കിഷോര്‍ ഖാനാണ് ഈ പാട്ട് പാടിയത്. തരൂരിന്‍റെ പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. മോശമല്ലാത്ത പാട്ടെന്നാണ് പ്രശസ്ത പിന്നണി ഗായകന്‍ ശ്രീനിവാസ് ട്വീറ്റ് ചെയ്തത്. ഒരു ഇംഗ്ലീഷ് പാട്ട് പാടുകയാണെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.

സന്ദർശനത്തിന്‍റെ ഭാഗമായി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ശനിയാഴ്ച ശ്രീനഗറിൽ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തി. ''ഐടി അധ്യക്ഷനും പാർലമെന്‍റ് അംഗവുമായ ഡോ.ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുമായി രാജ്ഭവനില്‍ വച്ച് കൂടിക്കാഴ്ച നടത്തി'' സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Similar Posts