India
കടുവകള്‍ വരുമ്പോൾ കുറുക്കൻമാർ ഓടിയൊളിക്കും; മോദിയെ സ്വാഗതം ചെയ്യാനെത്താത്ത  ചന്ദ്രശേഖര റാവുവിനെ പരിഹസിച്ച് ബി.ജെ.പി
India

'കടുവകള്‍ വരുമ്പോൾ കുറുക്കൻമാർ ഓടിയൊളിക്കും'; മോദിയെ സ്വാഗതം ചെയ്യാനെത്താത്ത ചന്ദ്രശേഖര റാവുവിനെ പരിഹസിച്ച് ബി.ജെ.പി

Web Desk
|
3 July 2022 5:26 AM GMT

മോദിയെ അവഹേളിച്ചത് ഫെഡറലിസത്തോടും ഭരണഘടനയോടുമുള്ള നിന്ദയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്താത്ത തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. ' കടുവ വരുമ്പോൾ കുറുക്കന്മാർ ഓടിപ്പോകും' എന്നായിരുന്നു തെലങ്കാന ബിജെപി അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാർ പരിഹസിച്ചത്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) യെയാണ് കുറുക്കന്മാരോട് ഉപമിച്ചത്. വരും ദിവസങ്ങളിൽ ഇവിടെ കാവി, താമര പതാകകൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

യു.പി.എ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പുറമെ മുഴുവൻ മന്ത്രിമാരും വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ പ്രധാമന്ത്രി എത്തിയപ്പോൾ ഒരു മന്ത്രിയെ മാത്രമാണ് റാവു വിമാനത്താവളത്തിലേക്ക് അയച്ചത്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. മോദിയെ അവഹേളിച്ചത് ഫെഡറലിസത്തോടും ഭരണഘടനയോടുമുള്ള നിന്ദയാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്.

ഹൈദരാബാദിൽ നടക്കുന്ന ബിജെപിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് ഈ വിവാദങ്ങൾ. തെലങ്കാനയിൽ അടുത്ത വർഷമാണ് തെരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി ബി.ജെ.പി താരതമ്യേന ദുർബലമായി തുടരുന്ന പ്രദേശങ്ങളിൽ ശക്തികൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഹൈദരാബാദിനെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.

2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഇത് നാലാം തവണയാണ് പാർട്ടി ഡൽഹിക്ക് പുറത്ത് സുപ്രധാന ദേശീയ സമ്മേളനം നടത്തുന്നത്. 2017ൽ ഒഡീഷയിലും 2016ൽ കേരളത്തിലും 2015ൽ ബംഗളൂരുവിലുമാണ് നേരത്തെ ദേശീയ മീറ്റ് നടന്നത്.

Similar Posts