ഗവര്‍ണറെ മാറ്റണമെന്ന് തൃണമൂല്‍ എം.പി; നിങ്ങളെന്നാണ് വിരമിക്കുന്നതെന്ന് പ്രധാനമന്ത്രി
|പ്രധാനമന്ത്രിയും തൃണമൂൽ കോൺഗ്രസ് എം.പി സൗഗതാ റോയും തമ്മിൽ നടന്ന രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ
ഇന്നലെ ബഡ്ജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞപ്പോൾ പുറത്തിറങ്ങിയ പ്രധാനമന്ത്രിയും തൃണമൂൽ കോൺഗ്രസ് എം.പി സൗഗതാ റോയും തമ്മിൽ നടന്ന രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. തന്റെ തമാശകൾ കൊണ്ട് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ചിരിപ്പിക്കുന്ന സൗഗതാ റോയ് ഗവർണമെന്റിനെതിരായ വിമർശനങ്ങളുമായി സഭയിലെ നിറസാന്നിധ്യങ്ങളിലൊരാളാണ്.
ഇന്നലെ ലോക്‌സഭക്ക് പുറത്തുവച്ച് സൗഗതാ റോയിയെ കണ്ട പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. ഉടൻ തന്നെ വിവാദ നായകനായ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകാറിനെക്കുറിച്ചായി റോയിയുടെ സംസാരം. മമത ഗവർമെന്റിനെതിരെ നിരന്തരവിമർശനങ്ങളുന്നയിക്കുന്ന ഗവർണർ ഒരുപാട് ശല്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹത്തെ മാറ്റണമെന്നുമാണ് റോയ് തന്റെ തമാശകലർന്ന ശൈലിയിൽ പ്രധാനമന്ത്രിയോട് പറഞ്ഞത്.
എന്നാൽ റോയിക്ക് അതേനാണയത്തിൽ മറുപടി കൊടുത്ത പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിച്ചത് ഇങ്ങനെയാണ്."നിങ്ങൾ എപ്പോഴാണ് റോയ് റിട്ടയറാവുന്നത്". സൗഗതാ റോയിക്കൊപ്പമുണ്ടായിരുന്ന പ്രതിപക്ഷ എം.പി.മാരായ അധീർ രഞ്ജൻ ചൗധരിയും സുധീപ് ബന്ധോപാധ്യായയും പ്രധാനമന്ത്രിയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു.
ബംഗാൾ, ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറാണെന്ന് കഴിഞ്ഞ ദിവസം ഗവർണർ വിമർശിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി അദ്ദേഹത്തെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നു. ഗവർണറെ മാറ്റാൻ താൻ പലവുരു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതുവരെ നടപടിയുണ്ടായില്ലെന്നും മമത പറഞ്ഞു.