യോഗി മുഖ്യമന്ത്രിയായ ശേഷം യു.പിയില്‍ ഓരോ രണ്ടാഴ്ചയിലും ഒരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു
|2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 186 പേരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
ലഖ്നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ ഓരോ രണ്ടാഴ്ചയും ഒരാള്‍ വീതം പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 186 പേരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത് മീററ്റിലാണ്. മീററ്റില്‍ 63 പേര് കൊല്ലപ്പെട്ടു. ഇവിടെ 1752 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. വരാണസിയില്‍ 20 പേരും ആഗ്രയില്‍ 14 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 186 പേരില്‍ 96 പേര്‍ക്കെതിരെ കൊലപാതക കേസ് ഉള്‍പ്പെടെയുണ്ട്. രണ്ടു പേര് കൂട്ട ബലാത്സംഗ കേസിലെ പ്രതികളാണ്. പൊലീസ് വെടിവെപ്പില്‍ കാലിന് പരിക്കേറ്റവരുടെ എണ്ണം 5046 ആണ്. പ്രതികളുടെ കാലില്‍ വെടിവെയ്ക്കുന്നത് ഓപറേഷന് ലങ്ഡ എന്ന പേരിലാണ് അറിയപ്പെടുന്നത്.
എന്തുകൊണ്ട് മീററ്റില്‍ ഇത്രയധികം കൊലപാതകങ്ങള്‍ എന്ന ചോദ്യത്തിന് ക്രമസമാധാന ചുമതലയുള്ള പ്രത്യേക ഡി.ജി പ്രശാന്ത് കുമാര്‍ നല്കിയ മറുപടി പടിഞ്ഞാറന്‍ യു.പിയില്‍ പരമ്പരാഗതമായി കുറ്റകൃത്യങ്ങള്‍ കൂടുതലാണ് എന്നതാണ്. ഏറ്റുമുട്ടലുകൾ ഒരിക്കലും ഹീനമായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടല്‍ കൊലകള്‍ക്കു ശേഷം നടന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ 161 സംഭവങ്ങളെ ആരും ചോദ്യംചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25 സംഭവങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. 2017 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ 13 പൊലീസുകാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1443 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
അതേസമയം യു.പിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെയും ബുള്‍ഡോസര്‍ രാജിനെതിരെയും വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കുറ്റവാളികളുടേത് എന്ന പേരില്‍ നിരപരാധികളുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് പരാതി ഉയര്‍ന്നു. പ്രതികള്‍ക്ക് നിയമപരമായി ശിക്ഷ ഉറപ്പാക്കുന്നതിനു പകരം വെടിവെച്ചുകൊല്ലുന്നത് നിയമലംഘനമാണെന്നും വിമര്‍ശനമുണ്ട്.
Summary- Since 2017 when Yogi Adityanath took charge as Uttar Pradesh chief minister one killed every fortnight in police encounters