India
Sibal after Shiva temple in dargah claim,
India

'എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്?' അജ്മീർ ദർഗയിലെ ഹരജിയിൽ കപിൽ സിബൽ

Web Desk
|
28 Nov 2024 6:56 AM GMT

രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്നാണ് കപിലിന്റെ പ്രതികരണം

ന്യൂഡൽഹി: അജ്മീർ ദർഗയിലും വാദമുന്നയിച്ച് ഹിന്ദു സേന രംഗത്തെത്തിയതും ഈ ഹരജിയിൽ കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് അയച്ചതുമൊക്കെ കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ എംപി കപിൽ സിബൽ.

രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണെന്നാണ് കപിലിന്റെ പ്രതികരണം. കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എക്‌സ്‌പോസ്റ്റിലൂടെയാണ് കപിൽ തന്റെ പ്രതികരണമറിയിച്ചത്.

'അജ്മീർ ദർഗയ്ക്ക് താഴെ ശിവക്ഷേത്രമുണ്ടെന്നാണ് ഏറ്റവും പുതിയ വാദം. ഏറെ ആശങ്കാജനകമാണത്. എവിടേക്കാണ് നാമീ രാജ്യത്തെ കൊണ്ടുപോകുന്നത്? എന്തിന് വേണ്ടിയാണത്? കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി...' അദ്ദേഹം കുറിച്ചു.

ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയ്ക്ക് താഴെ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കോടതിയെ സമീപിച്ചത്. ദർഗയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്നാണ് പ്രധാന ആവശ്യം.

ദർഗയെ സങ്കട് മോചൻ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആരാധന നടത്താൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ടായിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്കും എഎസ്‌ഐയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തിൽ ഡിസംബർ 20ന് വീണ്ടും വാദം കേൾക്കും.

Similar Posts