ഗ്യാൻവാപി മസ്ജിദിലെ പൂജ: അടച്ചിട്ട നിലവറകളിൽ നേരത്തെ നമസ്കാരം നടന്നിരുന്നോയെന്ന് അലഹബാദ് ഹൈക്കോടതി
|നിലവറകൾ ഗ്യാൻവാപി മസ്ജിദിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു
അലഹബാദ്: ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ വാദം തുടരും. ഗ്യാൻവാപിയിലെ അടച്ചിട്ട നിലവറകളിൽ നേരത്തെ നമസ്കാരം നടന്നിരുന്നോയെന്ന് അലഹബാദ് ഹൈക്കോടതി ചോദിച്ചു.നിലവറകൾ ഗ്യാൻവാപി മസ്ജിദിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും കോടതിചോദിച്ചു. നാളെ രാവിലെ പത്തിന് വാദം പുനരാരംഭിക്കും.
1968 മുതൽ നിലവറകളിൽ പൂജ നടന്നിട്ടില്ല.പിന്നെ എങ്ങനെയാണ് 1993 വരെ പൂജനടന്നതെന്ന് അവകാശപ്പെടുന്നതെന്നും മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചോദിച്ചു. അതേസമയം, വ്യാസ് കുടുംബത്തിന്റെ അധീനതയിലായിരുന്നു മസ്ജിദ് എന്നായിരുന്നു വ്യാസ് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ തുടരെത്തുടരെ ഹരജികൾ നൽകുന്നതിൽ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ഹരജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദുവിഭാഗത്തോട് ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. പല ഹരജികളും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതായി മാറിയെന്നും കോടതി വിമർശിച്ചു.
അതിനിടെ ഗ്യാൻവാപി മസ്ജിദിൽ മണി ഉൾപ്പെടെയുള്ള പൂജാ സാമഗ്രികൾ സ്ഥാപിക്കാൻ ഹരജിക്കാരായ ഹിന്ദുസ്ത്രീകൾ അനുമതി തേടി . അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകി. തെക്കേ അറയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. പള്ളിയിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ആരാധന നടക്കുന്ന സ്ഥലത്ത് 11 കി.ലോ ഭാരമുള്ള മണി സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹരജിക്കാർ രംഗത്തെത്തിയിരിക്കുന്നത്. മണിയുമായാണ് ഇവർ കോടതിയിലെത്തിയത്. എത്രയും വേഗം പൂജ നടക്കുന്ന സ്ഥലത്ത് മണി സ്ഥാപിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ, ജില്ലാ മജിസ്ട്രേറ്റിനു നേരിട്ട് അപേക്ഷ നൽകാനായിരുന്നു നീക്കം. മജിസ്ട്രേറ്റ് സ്ഥലത്തില്ലാത്തതിനാൽ അപേക്ഷ നൽകി മടങ്ങുകയായിരുന്നു.
പൂജ തുടരുന്ന തെക്കേ അറയിൽ ഉൾപ്പെടെ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി ഇന്നലെ വാരാണസി കോടതിയിലെത്തിയിരുന്നു. ഗ്യാൻവാപിയിൽ ഹരജിക്കാരായ നാല് ഹിന്ദുസ്ത്രീകളിൽ ഒരാളാണു ഹരജി നൽകിയത്. ഹരജി കോടതി നാളെ പരിഗണിക്കും. ഗ്യാൻവാപിയിൽ നടക്കുന്ന പൂജ മുടക്കമില്ലാതെ തുടരുമെന്നും ഹരജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്.