ജമ്മു കശ്മീർ ഡെസ്‌ക് തലവന്‍, രാമജന്മഭൂമി ട്രസ്റ്റില്‍ സുപ്രധാന റോള്‍: പുതിയ തെര. കമ്മിഷണർമാർ ആരൊക്കെ?
|സെർച്ച് കമ്മിറ്റിയുടെ മുന്നിലെത്തിയ 200 പേരിൽനിന്ന് എങ്ങനെയാണ് ആറുപേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാവും സമിതിയില്‍ അംഗവുമായ അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചത്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജി രാജ്യത്തെ ഞെട്ടിച്ചിരുന്നു. മറ്റൊരംഗം അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞ മാസം സർവീസിൽനിന്നു വിരമിച്ചിരുന്നു. ഇതോടെ രാജീവ് കുമാർ എന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മാത്രം നേതൃത്വത്തിൽ രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടേണ്ടിവരുമോ എന്ന തരത്തിൽ ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടു കമ്മിഷണർമാരെ ഇന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാർ, സുഖ്ബീർ സന്ധു എന്നിവരെയാണ് ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ അധിർ രഞ്ജൻ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിൽ അംഗമാണ് അധിർ. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയലായിരുന്നു യോഗം ചേർന്നിരുന്നത്.
ആരാണ് ഗ്യാനേഷ് കുമാർ?
-1998ലെ കേരള കേഡർ ഐ.എ.എസ് ബാച്ചിൽ അംഗമായിരുന്നു റിട്ട. ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ. പാർലമെന്ററികാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു.
-2022ലാണ് അമിത് ഷായ്ക്കു കീഴില്‍ സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായത്. പിന്നീട് പാർലമെന്ററി മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി ഏൽപ്പിക്കപ്പെടുകയായിരുന്നു.
-2019ൽ ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുമാറ്റിയ ശേഷം ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജമ്മു കശ്മീർ ഡെസ്‌കിന്റെ ചുമതല വഹിച്ചു.
-ബാബരി കേസിൽ സുപ്രിംകോടതിയുടെ അന്തിമവിധിക്കുശേഷം രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു.
-2024 ജനുവരി 31നാണ് സർവിസിൽനിന്ന് പിരിഞ്ഞത്.
ആരാണ് സുഖ്ബീർ സന്ധു?
-പഞ്ചാബ് സ്വദേശിയായ സുഖ്ബീർ 1988 ബാച്ച് ഉത്തരാഖണ്ഡ് കേഡറിൽ ഐ.എ.എസ് ഓഫിസറായിരുന്നു. അടുത്തിടെയാണ് സർവിസിൽനിന്നു പിരിഞ്ഞത്.
-അമൃത്സറിലെ ഗവ. മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് നേടിയ സന്ധുവിന് ഗുരു നാനാക് ദേവ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും ലഭിച്ചിട്ടുണ്ട്.
-2021ൽ പുഷ്‌കർ ധാമി സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്നു.
-നേരത്തെ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ)യുടെ ചെയർപേഴ്‌സനായിരുന്നു.
-ലുധിയാന മുനിസിപ്പൽ കോർപറേഷൻ കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലത്തെ മികച്ച പ്രകടനത്തിന് രാഷ്ട്രപതിയുടെ മെഡലും സ്വന്തമാക്കിയിട്ടുണ്ട്.
ചുരുക്കപ്പട്ടികയിൽ കോൺഗ്രസിന് എതിർപ്പ്
തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുത്ത ശേഷം പ്രഖ്യാപനം നടത്തിയത് അധിർ രഞ്ജൻ ചൗധരിയായിരുന്നെങ്കിലും ഇതിനു പിന്നാലെ എതിർപ്പുമറിയിച്ചിട്ടുണ്ട് അദ്ദേഹം. ചുരുക്കപ്പട്ടിക തയാറാക്കിയത് മുൻകൂട്ടി അറിയിച്ചില്ലെന്നാണു പ്രധാന വിമർശനം.
സെർച്ച് കമ്മിറ്റിയുടെ മുന്നിലെത്തിയ 200 പേരിൽനിന്ന് എങ്ങനെയാണ് ആറുപേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്നാണ് ചൗധരി ചോദിക്കുന്നത്. ഉത്പൽ കുമാർ സിങ്, പ്രദീപ് കുമാർ തൃപാഠി, ഗ്യാനേഷ് കുമാർ, ഇന്ദവർ പാണ്ഡെ, സുഖ്ബീർ സന്ധു, സുധീർ കുമാർ ഗംഗാധർ എന്നിവരെയാണ് നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ നേതൃത്വത്തിലുള്ള സെർച്ച് കമ്മിറ്റി അവസാന ഘട്ടത്തിലേക്കു പരിഗണിച്ചിരുന്നത്. ചുരുക്കപ്പട്ടികയെ കുറിച്ച് മുൻകൂട്ടി വിവരം നൽകിയിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തുന്നു. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ചീഫ് ജസ്റ്റിസും വേണ്ടിയിരുന്നെന്ന കാര്യവും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Summary: Sukhbir Sandhu and Gyanesh Kumar: Things to know about newly appointed election commissioners