കോവാക്സിന് ഡബ്ള്യൂ.എച്ച്.ഒ അംഗീകാരം; ഇന്ത്യക്കുള്ള ദീപാവലി സമ്മാനമെന്ന് വി.കെ പോള്‍
|കോവാക്സിന് എടുത്തവര്‍ക്കും ഇത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കോവാക്സിന് അംഗീകാരം ലഭിച്ചത് ഇന്ത്യക്കുള്ള ദീപാവലി സമ്മാനമാണെന്ന് നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായി വി.കെ പോള്‍. കോവാക്സിന് എടുത്തവര്‍ക്കും ഇത് ആശ്വാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തിനുള്ള സാങ്കേതികവിദ്യ മാത്രമല്ല, ക്ലിനിക്കൽ പരീക്ഷണങ്ങളും ഏറ്റവും ഉയർന്ന നിലവാരം പാലിക്കേണ്ടതുണ്ടെന്നും പോള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നത് ഇന്ത്യന്‍ കണ്ടുപിടിത്തത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബയോകോൺ ചെയർപേഴ്സൺ കിരൺ മസുംദാർ പറഞ്ഞു. ''വലിയൊരു ആശ്വാസം തന്നെയാണത്. ഇന്ത്യയില്‍ നിര്‍മിച്ചൊരു വാക്സിന് ഈ അംഗീകാരം ആവശ്യമായിരുന്നു'' കിരണ്‍ പറഞ്ഞു. കാഡില ഫാർമസ്യൂട്ടിക്കൽസിന്റെ നോവോവാക്സിന് ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരത്തിനായി ലോകാരോഗ്യ സംഘടനയ്ക്ക് വളരെ കർശനവും സമഗ്രവുമായ നടപടിക്രമങ്ങളുണ്ട്. അതിനെ കുറച്ചുകാണാൻ സാധിക്കില്ലെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഈ അംഗീകാരം വലിയ ആശ്വാസമാകുമെന്നും അവർ പറഞ്ഞു.
''ഒരു വാക്സിന് കൂടി അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യക്കും ഭാരത് ബയോടെകിനും അഭിനന്ദനങ്ങള്‍'' ഡബ്ള്യൂ.എച്ച്.ഒ ചീഫ് സയന്റിസ്റ്റ് സൌമ്യ സ്വാമിനാഥന് ട്വീറ്റ് ചെയ്തു.
One more vaccine gets @WHO emergency use listing. Congratulations India @BharatBiotech @ICMRDELHI @MoHFW_INDIA for successful development of indigenous vaccine #Covaxin as well as for a massive vaccination program! @mansukhmandviya @NITIAayog @SuchitraElla @DBTIndia @GaviSeth https://t.co/Fit5huxwcP
— Soumya Swaminathan (@doctorsoumya) November 3, 2021