India
ബി.എസ്.പിയില്‍ ഇനി പുതിയ യുഗം? ആരാണ് മായാവതിയുടെ പിന്‍ഗാമി ആകാശ് ആനന്ദ്?
India

ബി.എസ്.പിയില്‍ ഇനി പുതിയ യുഗം? ആരാണ് മായാവതിയുടെ പിന്‍ഗാമി ആകാശ് ആനന്ദ്?

Web Desk
|
10 Dec 2023 4:06 PM GMT

കാൻഷി റാമിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2003ലാണ് മായാവതി ബി.എസ്.പിയുടെ ദേശീയ അധ്യക്ഷയാകുന്നത്. രണ്ടു പതിറ്റാണ്ടിനുശേഷം വെറും 28 വയസുള്ള ഒരു ചെറുപ്പക്കാരൻ വലിയ പേരും പാരമ്പര്യവുമുള്ള പാർട്ടിയുടെയും നേതാവിന്റെയും പിൻഗാമിയാകുമ്പോൾ എന്തു സംഭവിക്കും?

ലഖ്‌നൗ: 2001 ഡിസംബർ 15ന് ലഖ്‌നൗവിൽ നടന്ന മഹാറാലിയിലാണ് സാമൂഹിക പരിഷ്‌ക്കർത്താവായ കാൻഷി റാം ബഹുജൻ സമാജ്‌വാദി പാർട്ടി(ബി.എസ്.പി)യുടെ അമരത്തേക്ക് മായാവതിയെ കൈപ്പിടിച്ചുകൊണ്ടുവരുന്നത്. തന്റെ പിൻഗാമിയായി മായാവതിയെ പ്രഖ്യാപിക്കുകയായിരുന്നു അന്ന് അദ്ദേഹം. 2003 സെപ്റ്റംബർ 18ന് ബി.എസ്.പി ദേശീയ അധ്യക്ഷയായി മായാവതി തെരഞ്ഞെടുക്കപ്പെട്ടു.

കൃത്യം രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ തന്റെ രാഷ്ട്രീയ പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ അവർ. സ്വന്തം അനന്തരവനായ ആകാശ് ആനന്ദിനെയാണ് ബി.എസ്.പിയുടെ ഭാവിമുഖമായി മായാവതി ഉയർത്തിക്കാണിച്ചിരിക്കുന്നത്. പാർട്ടി അധ്യക്ഷയുടെ ചുമതലയിൽ അവർ തുടരുമെങ്കിലും ക്രമേണെ അധികാരം കൈമാറാനായിരിക്കും പദ്ധതി. ലണ്ടനിൽ പോയി എം.ബി.എ പൂർത്തിയാക്കിയ ആകാശിന് വെറും 28 വയസ്സേ ആയിട്ടുള്ളൂ. ബി.എസ്.പി എന്ന വലിയ പേരും പെരുമയുമുള്ള ഒരു പാർട്ടിയുടെ ഭാവി നിർണയിക്കാനുള്ള കരുത്തുണ്ടോ ശരിക്കും ഈ യുവാവിന്? 'ബാബാ സാഹിബിന്റെ ദർശനങ്ങളെ പിന്തുടരുന്ന ഒരു ഇളംമുറക്കാരനെ'ന്നു സമൂഹമാധ്യമങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്ന ആകാശ് ആനന്ദ് ശരിക്കാം ആരാണെന്നു പരിശോധിക്കാം.

കൈപ്പിടിച്ചു നടത്തി മായാവതി

മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ് ആനന്ദ്. 2017ൽ തന്റെ 22-ാം വയസിൽ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിട്ടുണ്ട് ആകാശ്. അന്ന് സഹാറൻപൂരിൽ മായാവതിക്കും അഖിലേഷ് യാദവിനും അജിത് സിങ്ങിനുമൊപ്പം ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് ആകാശിന്റെ പൊതുരംഗപ്രവേശം.


ലണ്ടനിൽ പോയി എം.ബി.എ പൂർത്തിയാക്കി നാട്ടിലേക്കു തിരിച്ചെത്തിയ യുവാവ് അധികം വൈകാതെ തന്നെ പാർട്ടി നേതൃത്വത്തിലേക്ക് കൈപ്പിടിച്ച് ഉയർത്തപ്പെട്ടു. 2019ൽ ബി.എസ്.പിയുടെ ദേശീയ കോർഡിനേറ്ററായി. ഇതേ വർഷം മായാവതിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന സംഘത്തിലും ഉൾപ്പെട്ടു.

2019ൽ ആഗ്രയിൽ നടന്ന എസ്.പി-ബി.എസ്.പി മഹാഗഡ്ബന്ധൻ റാലിയിൽ നടത്തിയ പ്രസംഗത്തിലൂടെയും ശ്രദ്ധ നേടി. 2022ൽ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സോഷ്യൽ മീഡിയ കാംപയിൻ ടീമിന്റെ തലവൻ ആകാശായിരുന്നു.


ബി.എസ്.പിയിൽ ഇനി ആകാശ് യുഗം?

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി തന്ത്രങ്ങളൊരുക്കുന്ന സംഘത്തിൽ പ്രധാനിയാണ് ആകാശ് ആനന്ദ്. ഏറ്റവുമൊടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാന്റെ ഇൻ ചാർജായിരുന്നു. മധ്യപ്രദേശ്, ചത്തിസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലും ആകാശിന്റെ ഇടപെടലുണ്ടായി. ഈ വർഷം തുടക്കത്തിൽ നടന്ന ബി.എസ്.പി സങ്കൽപ് യാത്രയുടെ സൂത്രധാരൻ കൂടിയായിരുന്നു 28കാരൻ. ബി.എസ്.പിയുടെ മാറുന്ന രാഷ്ട്രീയസമീപനങ്ങളുടെയും തന്ത്രങ്ങളുടെയും സൂചന കൂടിയായിരുന്നു ആ യാത്ര.


കൃത്യസമയത്ത് തന്നെയാണ് മായാവതിയുടെ പിൻഗാമി പ്രഖ്യാപനം വരുന്നത്. പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ഇപ്പോൾ ആകാശിനുള്ളത്. മായാവതി പൂർണമായും ഉത്തർപ്രദേശിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും ചെയ്യും. പതുക്കെ പാർട്ടിയുടെ മുൻനിരയിലും തലപ്പത്തും അവരോധിക്കാനായിരിക്കും മായാവതിയുടെ പദ്ധതി.

Summary: Who is Akash Anand? All about Mayawati's nephew and successor to lead BSP

Similar Posts